ജോജു ജോർജിന്‍റെ കാർ തകർത്ത കേസിൽ കോൺഗ്രസ് നേതാക്കൾ ഇന്ന് കീഴടങ്ങും

കൊച്ചിയിൽ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്‍റെ കാർ തകർത്ത കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ ഇന്ന് കീഴടങ്ങും. മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളാണ് കീഴടങ്ങുക. കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ കീഴടങ്ങാനാണ് ആലോചന. പാർട്ടി തീരുമാനം അനുസരിച്ചാണ് കീഴടങ്ങൽ.

നേരത്തെ സംഭവം ഒത്തുതീര്‍ക്കാന്‍ ജോജുവിന്‍റെ സുഹൃത്തുക്കള്‍ വഴി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. തന്നെ അധിക്ഷേപിച്ച സംഭവത്തില്‍ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ജോജു മുന്നോട്ടുവെച്ചു. ഇത് അംഗീകരിക്കാതിരുന്നതോടെ ജോജു കേസില്‍ കക്ഷി ചേര്‍ന്നു. ഇതോടെയാണ് സമവായ സാധ്യത അടഞ്ഞത്. ഒത്തുതീര്‍പ്പിനു തയ്യാറായ ജോജു പിന്‍വാങ്ങിയതിനു പിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് ഷിയാസ് ആരോപിച്ചു. ഇനി ജോജു മാപ്പ് പറയട്ടെയെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയാണ് കേസ്. രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. മറ്റുള്ളവരെയും അറസ്റ്റ് ചെയ്യാന്‍ മരട് പൊലീസ് നീക്കം നടത്തുന്നതിനിടെയാണ് കീഴടങ്ങാനുള്ള തീരുമാനം വന്നത്.

ടോണി ചമ്മണിയ്ക്ക് പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ പി വൈ ഷാജഹാൻ, മനു ജേക്കബ്, മണ്ഡലം ഭാരവാഹികളായ ജർജസ്, എന്നിവരാണ് പ്രതികൾ. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതോടെ പ്രതികളെല്ലാം ഒളിവിൽപ്പോവുകയായിരുന്നു.ഇതിനിടെ രണ്ടു പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.പ്രതികൾക്കു വേണ്ടി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ ഡി സി സി നേതൃത്വം നേരത്തെ ആലോചിച്ചിരുന്നെങ്കിലും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ഭയന്ന്  തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here