കെഎസ്ആർടിസിയുടെ തിരുവല്ല – മലക്കപ്പാറ ഉല്ലാസ യാത്ര വമ്പൻ ഹിറ്റ്

കാടിന്റെ വശ്യത അറിഞ്ഞൊരു സുന്ദരയാത്ര… അതും നമ്മുടെ സ്വന്തം ആനവണ്ടിയിൽ. പത്തനംതിട്ട ജില്ലയിൽനിന്നുള്ള കെഎസ്ആർടിസിയുടെ ആദ്യ ഉല്ലാസയാത്ര സർവീസ് തുടങ്ങും മുൻപേ ഹിറ്റായിരിക്കുകയാണ്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ആദ്യ സർവീസായ തിരുവല്ല – മലക്കപ്പാറ ഉല്ലാസ യാത്രയ്ക്കാണ് ഇന്നലെ തുടക്കമായത്.

രാവിലെ 5-നു പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തുന്ന സർവീസ് ആദ്യദിനം തന്നെ ഹൗസ്ഫുള്ളായി. 4-ന് പ്രഖ്യാപിച്ച സർവീസിന് പിറ്റേദിവസം തന്നെ ബുക്ക് ചെയ്തത് 137 പേരാണ്. 750 രൂപയാണ് ടിക്കറ്റ് നിരക്ക്. പോകാൻ സാധിക്കുന്നതാകട്ടെ 51 പേർക്കും. ആവശ്യക്കാർ വർധിച്ചതോടെ അവധി ദിവസങ്ങളായ 13-നും 14-നും സർവീസ് ഇട്ടു. എന്നാൽ അതും ഹൗസ് ഫുൾ.

അതോടെ 10-ന് ഒരു സർവീസ് തീരുമാനിച്ചു. ഇതിൽ 39 സീറ്റിലും ആളായി. മലക്കപ്പാറ തൃശൂരുകാരുടെ പ്രിയപ്പെട്ട സഞ്ചാരഭൂമിയാണ്. 60 കിലോമീറ്ററോളം കാട്ടിനുള്ളിലൂടെയുള്ള യാത്ര തന്നെയാണ് ആകർഷണം. ഒരൊറ്റ ഒഴിവുദിനം മാത്രം കയ്യിൽക്കിട്ടുന്നവർക്ക് കാനനപാതയുടെ ഭംഗി നുകർന്ന്, വെള്ളച്ചാട്ടങ്ങൾ, അതിലുപരി വനം നൽകുന്ന ശുദ്ധവായു, മനസ്സിനും ശരീരത്തിനും ഉണർവേകുന്ന കാഴ്ചകളൊക്കെക്കണ്ട് വീട്ടിൽ തിരിച്ചെത്താനാവുന്ന സുന്ദരയാത്ര.

ബസ് 7.30-ന് ചാലക്കുടിയിലെത്തും. കെഎസ്ആർടിസിയുടെ ഇൻസ്പെക്ടർ ഗൈഡായി ഉണ്ടാകും. യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് കാഴ്ചകൾ കാണാനും ഭക്ഷണം കഴിക്കാനുമായി ബസ് നിർത്തും. കെഎസ്ആർടിസി പുതിയതായി രൂപീകരിച്ച ബജറ്റ് ടൂറിസം സെല്ലിനാണ് (ബിറ്റിസി) ഇതിന്റെ ചുമതല. ജില്ലയിലെ ബിറ്റിസിയുടെ ഹബ് ആയി തിരുവല്ല ഡിപ്പോ മാറാനും സാധ്യതയുണ്ട്. ഡിപ്പോയിലെ സൗകര്യങ്ങൾ ഇതിന് അനുയോജ്യമാണ്. യാത്രയ്ക്കെത്തുന്നവരുടെ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം, കാത്തിരിക്കാനുള്ള ഇടം, വരാനും പോകാനുമുള്ള സൗകര്യം തുടങ്ങിയവയാണ് തിരുവല്ലയെ ഹബ് ആക്കി മാറ്റുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News