വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വഴിക്കടവ് നെല്ലിക്കുത്ത് പുഞ്ചകൊല്ലി ആദിവാസി കോളനിയിലെ സെൽവന്റെ ഭാര്യ ശോഭ (42) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

പ്രസവവേദന അനുഭവപ്പെട്ട ശോഭ വീട്ടിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. കോളനിയിൽ മൊബൈൽ റേഞ്ച് ലഭിക്കാത്തതിനാൽ രണ്ടു കിലോമീറ്റർ മാറി അളക്കൽ കോളനിയിൽ താമസിക്കുന്ന മകളുടെ വീട്ടിലെത്തി സെൽവൻ വിവരം അറിയിക്കുകയും തുടർന്ന് ഇവർ വിവരം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ അറിയിക്കുകയുമായിരുന്നു.

ആശുപത്രി അധികൃതർ ഉടൻ തന്നെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ പി.അഞ്ചു പൈലറ്റ് പി.എച്ച് സജയൻ എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ.പി.എച്ച്.എൻ സുമിത്ര, എൽ.എച്ച്.ഐ മിനി മാത്യു എന്നിവരും ആംബുലൻസിൽ ഇവരെ അനുഗമിച്ചു.

മഴയും വനത്തിനുള്ളിലൂടെയുള്ള ദുർഘടമായ പാതയും കാരണം വളരെ ബുദ്ധിമുട്ടിയാണ് ആംബുലൻസ് സംഘം ശോഭയുടെ അടുത്തെത്തിയത്. ഉടൻ തന്നെ അഞ്ചു കുഞ്ഞിന്റെ പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ഇരുവരെയും കനിവ് 108 ആംബുലൻസ് പൈലറ്റ് സജയൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സെൽവൻ ശോഭ ദമ്പതികളുടെ ആറാമത്തെ കുഞ്ഞാണ് ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News