ജോജുവും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നം അട്ടിമറിച്ചത് താനല്ല; വി ഡി സതീശന് കത്തയച്ച് ബി ഉണ്ണികൃഷ്ണന്‍

നടന്‍ ജോജു ജോർജ്ജുമായുള്ള കോൺഗ്രസിൻ്റെ ഒത്തുതീർപ്പ് ശ്രമങ്ങൾ അട്ടിമറിച്ചത് താനാണെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫെഫ്ക  ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. കക്ഷിരാഷ്ട്രീയത്തിൽ ഫെഫ്ക ഇടപെടാറില്ല.

ഒരു സിനിമാ പ്രവർത്തകൻ നേരിട്ട  പ്രശ്നത്തിൽ നിലപാട് പ്രഖ്യാപിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, പ്രതിപക്ഷനേതാവ് വി ഡി സതീശന് എഴുതിയ തുറന്ന കത്തിൽ ബി  ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

ജോജു എന്ന തങ്ങളുടെ സഹപ്രവർത്തകനെ മദ്യപൻ, പെണ്ണുപിടിയൻ , ആഭാസൻ എന്നീ വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചതിലുള്ള  പ്രതിഷേധമാണ് താൻ രേഖപ്പെടുത്തിയത് എന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

ഫെഫ്ക ജനറൽ സെക്രട്ടറി ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് എഴുതിയ കത്ത്.

ആദരണീയനായ പ്രതിപക്ഷ നേതാവ്‌ ശ്രീ. വി ഡി സതീശന്‌,
കോൺഗ്രസ്‌ പ്രവർത്തകരും ജോജു ജോർജ്ജുമായിയുണ്ടായ നിർഭാഗ്യകരമായ ഏറ്റുമുട്ടലിനു തൊട്ടുപിറകെ അങ്ങയെ ഞാൻ ഫോണിൽ ബന്ധപ്പെട്ടതും, അങ്ങ്‌ എന്റെ കോളിനോട്‌ ഏറ്റവും ജനാധിപത്യപരമായും സൗഹാർദ്ദപൂർവ്വവുമായും പ്രതികരിച്ചതും സ്നേഹത്തോടെ ഓർക്കുന്നു. സിനിമയിലെ ഒരു സഹപ്രവർത്തകന്‌ ഒരു വിഷമസ്ഥിതി ഉണ്ടാവുമ്പോൾ, അദ്ദേഹത്തിന്റെ അടുത്ത്‌ നേരിട്ട്‌ എത്തി സമാശ്വസിപ്പിക്കുക എന്ന സംഘടനാപ്രവർത്തന രീതിയാണ്‌ ഞാൻ ഈ വിഷയത്തിലും പുലർത്തിയത്‌.

ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ്‌ പാർട്ടി നടത്തിയ സമരത്തിൽ‌ ജോജു ഇടപെട്ടതിന്റെ രാഷ്ട്രീയ‌ ശരി ഒരു തർക്കവിഷയമായി നിലനിൽക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഒറ്റപ്പെട്ട പ്രതിഷേധത്തെ സഹിഷ്ണുതയോടെ, ജനാധിപത്യപരമായി കാണുന്നതാണ്‌ ഉചിതം എന്ന കാര്യത്തിൽ അങ്ങേയ്ക്കും സംശയമുണ്ടാവില്ല. അന്ന്, അങ്ങയോട്‌ ഫോണിൽ ഞാൻ സൂചിപ്പിച്ച കാര്യം ഒരിക്കൽ കൂടി ആവർത്തിക്കട്ടെ. ഒരാളോട്‌ രാഷ്ട്രീയമായി വിയോജിക്കുന്നതും വിമർശ്ശിക്കുന്നതും, അയാളിൽ “മദ്യപൻ,” ” ലഹരിക്കടിപ്പെട്ടവൻ,” “പെണ്ണുപിടിയൻ,” തുടങ്ങിയ മധ്യവർഗ്ഗ പൊതുബോധത്തിന്‌ പഥ്യമായ “വെറുക്കപ്പെടേണ്ടവന്റെ” ശീലഗുണങ്ങൾ യാതൊരു അടിസ്ഥാനവുമായി ചാർത്തിക്കൊടുത്തുകൊണ്ടല്ല.

ജോജു എന്ന ഞങ്ങളുടെ സഹപ്രവർത്തകനെ അങ്ങിനെ പൊതുസമൂഹത്തിനു മുമ്പിൽ അപമാനിച്ചതിൽ മാത്രമാണ്‌ ഞങ്ങളുടെ പ്രതിഷേധവും ഉത്ക്കണ്ഠയും. ‌ ഈ സംഭവത്തിനു ശേഷം, കോൺഗ്രസിന്റെ ജില്ലാ നേതൃത്വം ജോജുവുമായി നടത്തിയ ഒത്തുതീർപ്പ്‌ ശ്രമങ്ങളെ അട്ടിമറിച്ചത്‌ മാർസ്സിസ്റ്റ്‌ പാർട്ടിയുടെ ഫ്രാക്ഷൻ നേതാവായ ഞാനാണ്‌ എന്ന ഒരാരോപണം പ്രധാന പദവികൾ വഹിക്കുന്ന ചില കോൺഗ്രസ്‌ നേതാക്കൾ ഉന്നയിക്കുകയുണ്ടായി‌. ഇത്‌ തീർത്തും അസത്യമാണ്‌. ഞാൻ ഒരു ഫ്രാക്ഷനിലും പ്രവർത്തിക്കുന്നില്ല. വ്യക്തിപരമായി എന്റെ രാഷ്ട്രീയം ഇടതുപക്ഷത്തോടൊപ്പം യോജിച്ചും വിയോജിച്ചും സഞ്ചരിക്കുന്ന ഒന്നാണ്‌. എന്നാൽ, ചലച്ചിത്ര മേഖലയിലെ 19 ട്രേഡ്‌ യൂണിയനുകളും അവയുടെ ഫെഡറേഷനായ ഫെഫ്കയും കക്ഷിരാഷ്ട്രീയ നിരപേക്ഷമായി, മതനിരപേക്ഷമായി മാത്രം പ്രവർത്തിക്കുന്നവയാണ്‌. ഫെഫ്കയിലും അനുബന്ധ യൂണിയനുകളിലും പ്രവർത്തിക്കുന്നവരിൽ എല്ലാ രാഷ്ട്രീയ കക്ഷികളിലും ഉൾപ്പെട്ടവരുണ്ട്‌.

ഒരു വിഷയത്തേയും കക്ഷിരാഷ്ട്രീയത്തിന്റെ കറുപ്പ്‌/ വെളുപ്പുകളിലേക്ക്‌ ഞങ്ങൾ ചുരുക്കാറില്ല. ഞങ്ങളുടെ സംഘടനാംഗമല്ലെങ്കിൽ പോലും ജോജുവിന്റെ വിഷയത്തിൽ ഞാൻ ഇടപ്പെട്ടത്‌, ഒരു പ്രതിസന്ധിയിൽ ഒരു സിനിമാപ്രവർത്തകനും ഒറ്റപ്പെട്ട്‌ പോകരുത്‌ എന്ന ഫെഫ്കയുടെ പൊതുനിലപാടിനാലാണ്‌. ആ സംഭവത്തിനു ശേഷം ജോജുവുമായി കോൺഗ്രസ്‌ നേതൃത്വം നടത്തി എന്ന് പറയപ്പെടുന്ന ഒത്തുതീർപ്പ്‌ ശ്രമങ്ങളിലൊന്നും ഞാൻ ഏതെങ്കിലും വിധത്തിൽ ഭാഗമായിട്ടില്ല. ഈ പ്രശ്നം ഒത്തുതീർക്കണോ വേണ്ടയോ എന്നത്‌ ജോജുവിന്റെ വ്യക്തിസ്വാതന്ത്ര്യത്തിൽപ്പെടുന്ന കാര്യമാണ്‌. അദ്ദേഹം അതിൽ എന്ത്‌ തീരുമാനമെടുത്താലും ഞങ്ങൾക്ക്‌ അതിൽ യാതൊരു പ്രശ്നവുമില്ല. ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആത്മാഭിമാനത്തെ മാനിക്കുന്ന ഒരു ഒത്തുതീർപ്പാവുമല്ലോ, തീർച്ചയായും, കോൺഗ്രസ്‌ മുന്നോട്ട്‌ വെയ്ക്കുന്നത്‌.

ഇപ്പോൾ, അങ്ങേയ്ക്ക്‌ ഈ കത്തെഴുതാൻ കാരണമായത്‌, മുണ്ടക്കയത്ത്‌ ശ്രീ.ഷാജി കൈലാസ്‌ സംവിധാനം ചെയ്യുന്ന സിനിമാ സെറ്റിലേക്ക് കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ പ്രകടനമാണ്‌. തൊട്ട്‌ പിറകെ വാർത്താമാധ്യമങ്ങളിൽ കോൺഗ്രസിന്റെ ചില പ്രധാന നേതാക്കൾ, സിനിമാ ലൊക്കേഷനുകളിൽ ഇത്തരം പ്രതിഷേധങ്ങൾ തുടരാനുള്ള അവരുടെ തീരുമാനം അറിയിക്കയുണ്ടായി. അങ്ങ്‌ ഈ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.

ഒരു കലാകാരനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ, ഒരു കലാരൂപത്തോട്‌, ഒരു തൊഴിൽ മേഖലയോട്‌ ആകെയുള്ള വിദ്വേഷമായി വളരാൻ കോൺഗ്രസ്‌ പോലെയൊരു ജനാധിപത്യപ്രസ്ഥാനം അനുവദിക്കരുത്‌. ചലച്ചിത്രമേഖലയും കോൺഗ്രസ്‌ ഉൾപ്പടെയുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികളും തമ്മിൽ ഇതുവരെ പുലർത്തിപ്പോരുന്ന ഊഷ്മളമായ ബന്ധം തുടർന്നും അങ്ങിനെ തന്നെ നിലനിൽക്കണമെന്നാണ്‌ ഞങ്ങൾ ആഗ്രഹിക്കുന്നത്‌. അങ്ങ്‌ ഈ വിഷയത്തിൽ ഇടപെട്ട്‌ വേണ്ടത്‌ ചെയ്യുമല്ലോ.

സ്നേഹത്തോടെ,

ഉണ്ണിക്കൃഷ്ണൻ ബി

( ജനറൽ സെക്രറ്ററി, ഫെഫ്ക)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here