ജോജുവിന്‍റെ കാർ തകർത്ത സംഭവം; ടോണി ചമ്മണി ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത കേസിൽ പ്രതികളായ കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ. അറസ്റ്റ് ഉറപ്പായതോടെ ഒന്നാം പ്രതി  ടോണി ചമ്മണി ഉൾപ്പടെ 4 പ്രതികൾ മരട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.അതേ സമയം പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.

നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത സംഭവത്തിൽ  അറസ്റ്റ് ഭയന്ന് ടോണി ചമ്മണി ഉൾപ്പടെയുള്ള പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ ആലോചിച്ചിരുന്നു.എന്നാൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടർന്ന് കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

മുൻ മേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി മനു ജേക്കബ്, യൂത്ത് കോൺഗ്രസ്  മണ്ഡലം പ്രസിഡൻ്റ് ജർജസ്, കോൺഗ്രസ് വൈറ്റില ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് ജോസ് മാളിയേക്കൽ എന്നിവരാണ് അന്വേഷണ ഉദ്യോസ്ഥനു മുൻപാകെ ഹാജരായത്. കോൺഗ്രസ് സമരം അലങ്കോലമാക്കുകയായിരുന്നു ജോജുവെന്നും ജോജുവിൻ്റെത് വ്യാജ പരാതിയാണെന്നും കീഴടങ്ങുന്നതിന് തൊട്ടുമുൻപ് ടോണി ചമ്മണി ആരോപിച്ചു.

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 4 പേരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീട് 5 മണിയോടെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് പ്രതികളെ ഈ മാസം 22 വരെ കോടതി റിമാൻഡ് ചെയ്തു.അതേ സമയം ടോണി ചമ്മണി ഉൾപ്പടെ നാലു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

ജോജുവിൻ്റെ കാർ തകർത്ത സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ്, അറസ്റ്റ് നടപടികളിലേയ്ക്ക് കടന്നതോടെ ജോജുവുമായി കോൺഗ്രസ് ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു. എന്നാൽ തനിയ്ക്കെതിരെ നേതാക്കൾ  ഉന്നയിച്ച വ്യാജ ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി ഖേദ പ്രകടനം നടത്താതെ ഒരൊത്തുതീർപ്പിനുമില്ലെന്ന് ജോജു നിലപാടെടുത്തതോടെ കോൺഗ്രസ് വെട്ടിലാവുകയായിരുന്നു.

കേസിൽ ഇതുവരെ 6 പേർ അറസ്റ്റിലായിക്കഴിഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളായ പി വൈ ഷാജഹാൻ, അരുൺ വർഗ്ഗീസ് എന്നിവരും കീഴടങ്ങുമെന്ന് ഡിസിസി അറിയിച്ചിരുന്നെങ്കിലും ഇരുവരും ഇപ്പോഴും ഒളിവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News