‘ഒരു വെടിക്ക് രണ്ടു പക്ഷി’ ചിക്കൻ അടയും സമൂസയും റെഡി

രുചികരമായൊരു ചിക്കൻ അടയും സമൂസയും തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

1. മൈദ – അര കിലോ, വനസ്പതി – 1 വലിയ സ്പൂൺ
2. ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ചേർത്തു വേവിച്ച് പിച്ചിയെടുത്തത് – 1 കപ്പ്
3. സവാള – 1 വലുത്, കാപ്സിക്കം – 1 ചെറുത്, പച്ചമുളക് – 2, ഇ‍ഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ചെറിയ സ്പൂൺ
4. ചിക്കൻ മസാല – 1 ടീ സ്പൂൺ
5. മല്ലിയില അരിഞ്ഞത് – 1 സ്പൂൺ
6. വെളിച്ചെണ്ണ, ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം
മൈദയിൽ വനസ്പതിയിട്ട് പുട്ടിനു നനയ്ക്കുന്നതുപോലെ കുഴയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് ചപ്പാത്തിക്ക് എന്നപോലെ കുഴച്ച് മയപ്പെടുത്തിയ ശേഷം മൂടിവയ്ക്കുക.
ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് 3–ാം ചേരുവ ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. എല്ലാം നന്നായി വഴന്നശേഷം പിച്ചിവച്ച ചിക്കൻ ചേർത്ത് അ‍ഞ്ചു മിനിറ്റ് വഴറ്റിയ ശേഷം ചിക്കൻ മസാല വിതറി ചേർത്ത് വീണ്ടും വഴറ്റുക. മസാല ചിക്കനിൽ നന്നായി പിടിച്ചുകഴിഞ്ഞാൽ മല്ലിയില ചേർത്ത് ഇറക്കിവയ്ക്കുക.

കുഴച്ചുവച്ച മാവ് ഒന്നുകൂടി നന്നായി കുഴച്ചശേഷം നാരങ്ങ വലുപ്പത്തിലുള്ള ഉരുളകളാക്കി നേരിയതായി പരത്തുക. നടുവിൽ ഒരു സ്പൂൺ ചിക്കൻ കൂട്ട് വച്ച് മടക്കി അരികുകൾ വിരൽകൊണ്ട് അമർത്തി ഒട്ടിച്ച് ഡിസൈൻ വരുത്തി അടയുണ്ടാക്കി തിളയ്ക്കുന്ന എണ്ണയിലിട്ട് സ്വർണ നിറത്തിൽ വറുത്തു കോരി ടിഷ്യൂവിൽ നിരത്തുക.

ഇതേ മാവുകൊണ്ടുതന്നെ പപ്പട വട്ടത്തിൽ പരത്തി കുമ്പിൾപോലെയാക്കി ഉള്ളിൽ ചിക്കൻ കൂട്ട് വച്ച് ത്രികോണാകൃതിയിൽ മടക്കി ഒട്ടിച്ച് സമോസയും ഉണ്ടാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here