സുധീരനെ സമൂഹമാധ്യമങ്ങളില്‍ പരിഹസിച്ച് സുധാകരവിഭാഗം നേതാക്കള്‍; കോണ്‍ഗ്രസില്‍ തുറന്ന പോര്

വി.എം.സുധീരനെ സമൂഹമാധ്യമങ്ങളില്‍ പരിഹസിച്ച് സുധാകരവിഭാഗം നേതാക്കള്‍. സുധീരന് ശകുനിയുടെ മനസെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മുതിര്‍ന്ന നേതാക്കളെ അവഹേളിക്കുന്നതിനെതിരെ മറുവിഭാഗം നേതാക്കളും രംഗത്ത്്. പ്രവര്‍ത്തകരുടെ ആശങ്ക തന്നെയാണ് മുല്ലപ്പള്ളിയും സുധീരനും പ്രകടിപ്പിച്ചതെന്നും ആയുധബലം കൊണ്ട് ആളുകളെ വരുതിക്ക് നിര്‍ത്താനുമാകില്ലെന്നും യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്.നുസൂര്‍. ഇരുവിഭാഗവും സാമൂഹ്യമാധ്യമങ്ങളില്‍ തുറന്നപോരിലേക്ക് കടക്കുകയാണ്.

അഭിപ്രായങ്ങള്‍ പറയേണ്ട സമയത്ത് പറയുക തന്നെ വേണം. നിലപാടുകള്‍ അടിയറ വെക്കാനുള്ളതല്ല. ജീവിച്ചിരിക്കുന്നവരുടെ പേരിലുള്ള നവമാധ്യമ ബ്രിഗേഡുകളുടെ ആക്രമങ്ങളെ ഭയമില്ല. കാരണം അതില്‍ പല അക്കൗണ്ടുകള്‍ക്കും നാഥനില്ല എന്നുള്ളതുകൊണ്ട് തന്നെയാണ്.മെമ്മോറിയല്‍ ട്രസ്റ്റ്കള്‍ക്ക് പോലും നാഥനുണ്ട് എന്നോര്‍ക്കണം. ഈ ബ്രിഗേഡുകള്‍ പിരിച്ചുവിടാന്‍ പറയാനുള്ള ധൈര്യം നേതൃത്വത്തിനുമില്ലെന്ന് നുസൂര്‍ പറയുന്നു.

എന്റെ പാര്‍ട്ടി മാറ്റത്തിന്റെ പാതയിലാണ്.ഞാനും അതില്‍ അഭിമാനിക്കുന്നു .എന്നാല്‍ ഈ പ്രസ്ഥാനത്തിനകത്തുള്ള മുതിര്‍ന്ന നേതാക്കളെ ഒതുക്കി വായടപ്പിക്കാം എന്ന് ആരെങ്കിലും കരുതിയാല്‍ നടക്കുമോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിചാരിച്ചിട്ട് നടന്നിട്ടുണ്ടോ? നേതൃമാറ്റം എന്ന് പറഞ്ഞാല്‍ അടിമക്കച്ചവടം എന്നല്ല. ആയുധബലം കൊണ്ട് ആളുകളെ വരുതിക്ക് നിര്‍ത്താനുമാകില്ല . അഭിപ്രായ ഐക്യമുണ്ടാക്കലാണ് കഴിവുറ്റ നേതൃത്വത്തിന്റെ ഗുണം. യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയിലൂടെയും സംഘടന തിരഞ്ഞെടുപ്പിലൂടെയും തിരഞ്ഞെടുപ്പിനിടെയുള്ള സമവായത്തിലൂടെയും സ്ഥാനമാനങ്ങളില്‍ എത്തിയ ഒരാള്‍ എന്ന തരത്തില്‍ ഈ വരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞതുപോലെ ഞാനും ഏതെങ്കിലും ഘടകത്തില്‍ മത്സരരംഗത്തുണ്ടാകണം എന്നതാണ് എന്റെ ആഗ്രഹമെന്നും നുസൂര്‍ വ്യക്തമാക്കി.

അതിനുള്ള അവസരം ഉണ്ടാക്കിത്തരേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്.എന്നെപ്പോലുള്ള പ്രവര്‍ത്തകരുടെ ആശങ്ക തന്നെയാണ് മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും എം എം ഹസ്സനും കെ സി ജോസഫും ബെന്നി ബെഹന്നാനും ഒക്കെ പറഞ്ഞത് . അതിന് അവരെ ആക്രമിക്കാന്‍ പെയ്ഡ് ബ്രിഗേഡുകള്‍ രംഗത്ത് വന്നു.ചില ആളുകളുടെ ചിന്തകള്‍ രസകരമാണ്. വാഴുന്നവന് വളയിട്ടാല്‍ സ്വര്‍ഗ്ഗം ലഭിക്കും എന്നാണ് കരുതല്‍. അവരെ തൃപ്തിപ്പെടുത്തലല്ല രാഷ്ട്രീയം. യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം തിരുത്തല്‍ ശക്തിയാണെന്ന് നുസൂര്‍ പറഞ്ഞു.

വി എം സുധീരന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍ അദ്ദേഹത്തെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം എന്ത് കരുതും എന്നത് എന്നെ ബാധിക്കുന്ന വിഷയം അല്ലായിരുന്നു.അധികാരകസേരയില്‍ ഇരിക്കുന്നവര്‍ വിചാരിക്കുന്നത് അവര്‍ ചെയ്യുന്നതും ചിന്തിക്കുന്നതും മാത്രമാണ് ശരി എന്നുള്ളതാണ്.രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഒട്ടേറെ സംരംഭങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സുനൂര്‍ വ്യക്തമാക്കി.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍ ലോക്‌സഭയില്‍ പത്തൊന്‍പത് സീറ്റ് വിജയിച്ചിട്ടുണ്ട്. അതേ സമയം നിയമസഭ സീറ്റ് വിഭജന സമയം, ഈ സ്ഥാനാര്‍ത്ഥി പട്ടികയാണെങ്കില്‍ പരാജയപ്പെടുമെന്ന് കേരള സമൂഹത്തിന് ആദ്യമേ ബോധ്യപ്പെടുത്തി തന്നത് ഇന്നത്തെ കെപിസിസി അധ്യക്ഷന്‍ തന്നെയാണ്.വാഴുന്നവര്‍ക്ക് ചുറ്റും ഉപചാപക വൃന്തങ്ങള്‍ തഴച്ചു വളരും. അവരെ വിശ്വസിക്കുമ്പോഴാണ് ശ്രീ രമേശ് ചെന്നിത്തല ഈ അടുത്തകാലത്ത് പറഞ്ഞ വാചകങ്ങള്‍ പറയേണ്ടി വരുന്നത്. എന്തായാലും നിരായുധരായ മുതിര്‍ന്ന നേതാക്കളെ ആക്രമിക്കാന്‍ ആര് തുനിഞ്ഞാലും പ്രതിരോധിക്കാന്‍ ആണ് തീരുമാനം.

അത് കാട്ടിനകത്ത് നിന്നായാലും പുറത്ത് നിന്നായാലും. ഈ വരുന്ന സംഘടന തിരഞ്ഞെടുപ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. അതിന് മുന്‍പ് സ്ഥാനമാനങ്ങള്‍ വീതം വക്കുന്നത് ഗുണകരമല്ല എന്നത് ദേശീയ നേതൃത്വത്തെ അറിയിക്കാന്‍ ശ്രമിക്കും. പരീക്ഷ എഴുതുന്നതിന് മുന്‍പ് വിജയിയെ പ്രഖ്യാപിക്കാന്‍ കഴിയുമോ?. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പിലൂടെ ഭാരവാഹിയാവുക എന്നതാണ് എന്നെപ്പോലെയുള്ള യുവാക്കളുടെ ആഗ്രഹം എന്നത് നേതൃത്വത്തെ വരും ദിവസങ്ങളില്‍ ധരിപ്പിക്കുമെന്നും നുസൂര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം വി.എം.സുധീരനെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രഡിഡന്‍റ് റിജിൽ മാക്കുറ്റി രംഗത്തെത്തിയിരുന്നു. കെ.സുധാകരനെതിരെയുള്ള പ്രതികരണത്തിനാണ് മറുപടി. സുധീരന് ശകുനി മനസാണെന്നും ആദർശം പറഞ്ഞാൽ പാർട്ടി വളരില്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. വാർത്ത കിട്ടാനാണ് സുധീരൻ്റെ രാജി നാടകമെന്നും വിമർശനമുണ്ട്.

ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ സുധീരൻ പ്രതിപക്ഷ നേതാവായിരുന്നുവെന്നും വിമർശനമുണ്ട്.  യുഡിഎഫിൻ്റെ തുടർ ഭരണത്തെ തകർത്തയാളെന്നും റിജിൽ മാക്കുറ്റി ഫെയ്സ്ബുക്കില്‍ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു.

എല്ലാം കുളമാക്കി ഇട്ട് എറിഞ്ഞ് പോയ ആളാണ് സുധീരനെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സുധാകരനെ വിമർശിക്കുന്നവരെ സോഷ്യൽ മീഡിയ വഴി ആക്രമിക്കുന്നുവെന്ന സുധാകരൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിജിൽ മാക്കുറ്റിയുടെ വിമർശനം. കെ.സുധാകരൻ്റെ അടുത്ത അനുയായിയാണ് റിജിൽ മാക്കുറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News