രോഹിത് ശര്‍മ്മ ഇന്ത്യയുടെ ട്വന്റി 20 നായകന്‍

ഇന്ത്യൻ ട്വന്റി 20 ടീമിൻറെ ക്യാപ്റ്റനായി രോഹിത് ശർമയെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ട്. ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യയെ നയിച്ചുകൊണ്ടാകും ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിൻറെ അരങ്ങേറ്റം. കെ എൽ രാഹുലാവും പുതിയ വൈസ് ക്യാപ്റ്റനെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും വിരാട് കോലിക്ക് വിശ്രമം അനുവദിക്കും. രണ്ടാം ടെസ്റ്റിൽ നായകനായി കോലി തിരിച്ചെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോലിയുടെ അഭാവത്തിൽ ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലും രോഹിത് തന്നെയാവും ഇന്ത്യയെ നയിക്കുക. മൂന്ന് ട്വന്റി 20 യും രണ്ട് ടെസ്റ്റുകളും അടങ്ങുന്നതാണ് ന്യൂസിലൻഡിനെതിരായ പരമ്പര.

ടെസ്റ്റ് ടീമിൻറെ വൈസ് ക്യാപ്റ്റനായി അജിങ്ക്യാ രഹാനെ തുടരും. ഈ മാസം 25 മുതൽ കാൺപൂരിലാണ് ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഡിസംബർ മൂന്ന് മുതൽ മുംബൈയിൽ രണ്ടാം ടെസ്റ്റ് നടക്കും.

ട്വന്റി 20 ലോകകപ്പിന് മുമ്പാണ് ലോകകപ്പിനുശേഷം ട്വന്റി 20 ടീമിൻറെ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുമെന്ന് കോലി പ്രഖ്യാപിച്ചത്. ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്തായതോടെ ഐസിസി കിരീടങ്ങളൊന്നും നേടാനാവാതെയാണ് ട്വന്റി 20 ടീമിൻറെ നായകസ്ഥാനത്തുനിന്ന് കോലി പടിയിറങ്ങുന്നത്.

ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ സീനിയർ താരങ്ങളായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർക്കും വിശ്രമം അനുവദിച്ചേക്കും. ഐപിഎല്ലിൽ തിളങ്ങിയ ഹർഷൽ പട്ടേൽ ശ്രേയസ് അയ്യർ എന്നിവർ ന്യൂസിലൻഡിനെതിരായ പരമ്പരക്കുള്ള ടീമിൽ ഇടം പിടിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News