ജോജുവിനെതിരെ കൊച്ചിയിൽ വീണ്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം

നടൻ ജോജു ജോർജ്ജിനെതിരെ കൊച്ചിയിൽ വീണ്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഷേണായീസ് തീയേറ്ററിന് മുന്നിൽ ജോജുവിന്റെ പേരും ഫോട്ടോയും പതിപ്പിച്ച് റീത്ത് വെച്ചായിരുന്നു പ്രതിഷേധം. ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലാണ് മാർച്ച് നടത്തിയത്.

ജോജു മാപ്പ് പറയണമെന്നും ജോജുവിനെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടുമെന്നും പറഞ്ഞായിരുന്നു കൊച്ചിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം.  കഴിഞ്ഞ ദിവസം ജോജു അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്കും യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു.

കീടം എന്ന സിനിമയുടെ ലൊക്കേഷനായ പുത്തൻകുരിശ് പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലേക്കായിരുന്നു മാർച്ച്.  വഴി തടഞ്ഞുള്ള ഷൂട്ടിംഗ് അനുവദിക്കില്ലെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്. വരും ദിവസങ്ങളിലും ജോജുവിനെതിരെ പ്രതിഷേധം നടത്താനാണ് നേതാക്കളുടെ തീരുമാനം.

സിനിമാ സെറ്റുകളിൽ പോയി പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ് നടപടിയ്‌ക്കെതിരെ വ്യാപകമായ വിമർശനവും ഉയരുന്നുണ്ട്. അതേസമയം നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ അറസ്റ്റിലായ മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.

എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പ്രതികളുടെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. ജാമ്യത്തിനുള്ള തുക നാശ നഷ്ടത്തിന്റെ 50 ശതമാനമായി നിശ്ചയിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേസിൽ ഒളിവിലായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവർ കഴിഞ്ഞ ദിവസം മരട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News