പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ‘മോൺസ്റ്റർ’ എന്നാണ് സിനിമയുടെ പേര്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
ചിത്രത്തിൻറെ നിർമാണം ആൻറണി പെരുമ്പാവൂരാണ്. പുലിമുരുകൻറെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് മോൺസ്റ്ററിനും തിരക്കഥ എഴുതിയത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം ദീപക് ദേവ്. ആർട്ട് ഷാജി നടുവിൽ.
സിനിമയുടെ ചിത്രീകരണം തുടങ്ങി. പുലിമുരുകൻറെ വൻവിജയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രമായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയെ കാത്തിരിക്കുന്നത്.
മോഹൻലാൽ തന്നെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. മോഹൻലാലിന്റെ പോസ്റ്റിന് താഴെ ചോദ്യങ്ങളുമായി ആരാധകർ എത്തുകയാണ്. എല്ലാവർക്കും പ്രധാനമായി അറിയേണ്ട കാര്യം മോൺസ്റ്ററും ഒ.ടി.ടിയിലേക്കാണോ എന്നതാണ്.
മോഹൻലാൽ നായകനായ, പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹവും പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയും ഷാജി കൈലാസ് ചിത്രം എലോണും ജീത്തു ജോസഫിന്റെ ട്വൽത്ത് മാനും ഒ.ടി.ടി റിലീസായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോൺസ്റ്ററും ഒ.ടി.ടിയിലേക്ക് തന്നെയാണോ എന്ന ചോദ്യവുമായി ആരാധകർ എത്തുന്നത്.
മോൺസ്റ്ററെങ്കിലും ഒ.ടി.ടിയിൽ ഇറക്കരുതെന്നും തിയേറ്റർ റിലീസിനെ കുറിച്ച് ആലോചിക്കണമെന്നുമാണ് ആരാധകർ പറയുന്നത്. ലാലേട്ടന്റെ ചിത്രം തിയേറ്ററിൽ കണ്ടിട്ട് നാളുകളായെന്നും ഇതെങ്കിലും ഒ.ടി.ടിക്ക് കൊടുക്കരുതെന്നുമാണ് ചിലരുടെ കമന്റ്.ഈ ചിത്രവും ഒ.ടി.ടിക്ക് കൊടുക്കുവാണോ അങ്ങനെയെങ്കിൽ നിങ്ങളുടെ പടം കാണുന്നത് നിർത്തി. ഇനി എന്ന് നിങ്ങളുടെ പടം തിയേറ്ററിൽ എന്ന് റിലീസ് ചെയ്യുന്നോ അന്ന് പോയി കാണും എന്നെല്ലാമാണ് ചില കമന്റുകൾ.
അതേസമയം മോൺസ്റ്ററിലെ ലാലേട്ടന്റെ ലുക്ക് ലോക്പാൽ സിനിമയിലേതിന് സമാനമാണെന്നും ലോക്പാൽ 2 ആണോ എന്നും ചിലർ ചോദിക്കുന്നത്. ലോക്പാലിനെപ്പോലെ ആവാതിരുന്നാൽ കൊള്ളാമെന്നും ചിലർ കമന്റിടുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.