ആയുര്‍വേദത്തിലൂടെ എങ്ങനെ സൗന്ദര്യം വർധിപ്പിക്കാം..

പ്രായഭേദമോ ലിംഗവ്യത്യാസമോ കൂടാതെ ഏതൊരു വ്യക്തിയും ആസ്വദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യമാണ് സൗന്ദര്യം അഥവാ സൗന്ദര്യം നിലനിർത്തുകയെന്നത്. യഥാർഥത്തിൽ ഒരാളുടെ കണ്ണിനും മനസിനും കുളിർമയും ആനന്ദവും നൽകുന്നതെന്തോ അതിനെയാണ് നാം സൗന്ദര്യമായി കണക്കാക്കുന്നത്.

പുരാണങ്ങളിൽ കൂടി കണ്ണോടിക്കുകയാണെങ്കിൽ നമുക്ക് മനസിലാക്കാൻ സാധിക്കും നവീനകാലത്തിൽ നിന്നും ഒട്ടും പിറകെയാവാത്ത രീതിയിൽ തന്നെയാണ് അന്നുള്ളവരും സൗന്ദര്യം സംരക്ഷിച്ചുപോരുന്നതെന്ന്. അനവധി സുഗന്ധദ്രവ്യങ്ങളും ചമയ രസക്കൂട്ടുകളുമൊക്കെ അവർക്കു മാത്രം അറിയാവുന്ന രഹസ്യങ്ങളായി ഇന്നും നിലനിന്നു പോരുന്നു.

ആയുർവേദത്തിൽ ഉളളിലെ ശുദ്ധിയാണു പുറമേയുളള മോടി പിടിപ്പിക്കലിനെക്കാൾ പ്രധാനം. അതിനു കുറച്ചു മെനക്കെടാനുളള മനസും ക്ഷമയും കൂടിയേ തീരൂ. നിങ്ങളുടെ ശ്രമം പാഴായിപോകില്ല എന്ന ഉറപ്പ് ആയുർവേദ സൗന്ദര്യസംരക്ഷണത്തിൽ നല്കുന്നു.

യോഗാസനവും പ്രാണായാമവും

സൗന്ദര്യസംരക്ഷണത്തിനായി യോഗാസനങ്ങൾ, പ്രാണായാമം തുടങ്ങിയ ആയുർവേദ റിലാക്‌സേഷൻ തെറാപ്പി നിത്യവും ശീലിക്കുന്നത് ഏറെ പ്രയോജനകരമാണ്.

അമിതമായ ടെൻഷനും അതുസംബന്ധിച്ച രോഗാവസ്ഥകളുമൊക്കെ നമുക്ക് ആയുർവേദ റിലാക്‌സേഷൻ തെറാപ്പി വഴി കുറയ്ക്കാം. ഇത്തരം സന്ദർഭങ്ങളിലാണ് നാം ആയുർവേദവും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും തിരിച്ചറിയേണ്ടത്.

ആയുർവേദം കേവലം ശരീരം മാത്രമല്ല അതിലെ മനസിനു വേണ്ട ചികിത്സയും പ്രദാനംചെയ്യുന്നു. മാനസികമായും ശാരീരികമായും വ്യക്തിയെ ആരോഗ്യവാനാക്കുക എന്നതാണ് ആയുർവേദ ചികിത്സാരീതി.

ജരാനരകളെ അകറ്റാം…

പ്രായവ്യത്യാസമില്ലാതെ ജരാനരകളെ അകറ്റി സ്ഥായിയായ സൗന്ദര്യം നിലനിർത്തുന്നതിനുവേണ്ടി സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഒേറെപ്പേർ കേരളത്തിലെ ആയുർവേദത്തെ ആശ്രയിക്കാറുണ്ട്. ത്വക്കിനും ശരീരത്തിനും അനുയോജ്യമായ തൈലങ്ങളും ലേപനങ്ങളും തെരഞ്ഞെടുക്കുകയും ശോധന ചികിത്സ (ഡി ടോക്‌സിഫിക്കേഷൻ തെറാപ്പി) കൂടി സമന്വയിപ്പിച്ച് ചെയ്യുന്നതിനാൽ ഫലപ്രദവും ഏറെക്കാലം നീണ്ടുനിൽക്കുന്നതുമായ ആരോഗ്യപരമായ സൗന്ദര്യം പ്രദാനം ചെയ്യാൻ ആയുർവേദത്തിന് കഴിയും.

മുടികൊഴിച്ചൽ, താരൻ, കരുവാളിപ്പ്, മുഖക്കുരു, കാലിനുണ്ടാവുന്ന വിണ്ടുകീറൽ, അമിതമായ വരൾച്ച തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങൾക്ക് ഫലപ്രദമായ ഔഷധ പ്രയോഗങ്ങൾ പ്രകൃതിയിൽ ലഭ്യമാണ്. ചെമ്പരത്തികൊണ്ടുണ്ടാക്കുന്ന ഷാംപൂ, കഞ്ഞുണ്ണി, ചെമ്പരത്തി, വേപ്പ്, കറിവേപ്പില മുതലായ ഔഷധക്കൂട്ട് ഉപയോഗിച്ച് ഉണ്ടാക്കുന്ന വെളിച്ചെണ്ണ മുടിക്ക് കറുപ്പും ദൃഢതയും മുടികൊഴിച്ചിൽ അകറ്റുന്നതിനും ഏറെ പ്രയോജനകരമാണ്.

കൃത്രിമ നിറങ്ങൾ മുടിയിൽ ഉപയോഗിക്കുന്നതിനു പകരം മൈലാഞ്ചി, ചെമ്പരത്തി, നെല്ലിക്ക എന്നിവ ഉപയോഗിച്ച് മുടിക്ക് കളർ ചെയ്യാം. ഇതിൽ നെല്ലിക്ക, ചെമ്പരത്തി എന്നിവ അടങ്ങിയിരിക്കുന്നതിനാൽ തീർച്ചയായും മുടിക്ക് കറുപ്പും ആരോഗ്യവും ഉണ്ടാകാൻ സഹായകമാകുന്നു.

കറിവേപ്പില ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് അകാലനര അകറ്റും.കുളിക്കുമ്പോൾ ഒരിക്കലും തലയിൽ ചൂടുവെളളമൊഴിക്കരുത്. കണ്ണിനുണ്ടാകുന്ന പല പ്രശ്‌നങ്ങളും തലവേദനയും കൂടാനുളള കാരണം ചൂടുവെളളത്തിലുളള തല കഴുകലാണ്.

ശുദ്ധമായ മഞ്ഞളും, തൈര് അല്ലെങ്കിൽ തേൻ ഉപയോഗിച്ച് മുഖത്ത് പാക്ക് ചെയ്യുകയാണെങ്കിൽ നിറം വർധിക്കാനും മുഖത്തെ കരിവാളിപ്പ് മാറ്റി മുഖം ഭംഗിയാവുകയും ചെയ്യും.

കറ്റാർവാഴ നീര് ദിവസവും പുരട്ടി താരൻ അകറ്റാം. തലേന്ന് വെള്ളത്തിൽ കുതിർന്ന ഉലുവ അരച്ച് പുരട്ടി തല കഴുകുന്നതും മുടി വളരാൻ ഉത്തമമാണ്. ഇതോടൊപ്പം വിവിധ തരത്തിലുള്ള ആയുർവേദ ഫേഷ്യൽ, ഫൂട്ട് മസാജ് കൂടെ കാസാ ഹെഡ് മസാജ്, ഫേസ് മസാജ് തുടങ്ങിയ രീതികളും ആയുർവേദത്തിൽ ഏറെ ഫലപ്രദമായി ചെയ്തുവരുന്ന ചികിത്സാ രീതികളാണ്.

ചില സൗന്ദര്യ ടിപ്‌സുകൾ

* മുഖക്കുരു അകറ്റാൻ നിത്യേന രക്ത ചന്ദനം അരച്ച് മുഖത്തു പുരട്ടാം. എല്ലാ ദിവസവും അരയ്ക്കാൻ ബുദ്ധിമുട്ടുളള വർ രക്തചന്ദനം പൊടിച്ച് കുപ്പിയിൽ മുറുക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്. അൽപാൽപമായി എടുത്ത് വെളളത്തിൽ ചാലിച്ചു പുരട്ടാം. ഉറങ്ങും മുൻപോ രാവിലെ എഴുന്നേൽക്കുമ്പോഴോ പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ ആര്യവേപ്പില ചതച്ചിട്ടു തിളപ്പിച്ചാറിയ വെളളം കൊണ്ട് മുഖം കഴുകണം. മുഖക്കുരുവും കറുത്ത പാടുകളും മാറി മുഖകാന്തി വർധിക്കും.

* രാത്രി കിടക്കും മുൻപ് പച്ചമഞ്ഞളരച്ച് കട്ടിയായി മേൽച്ചുണ്ടിൽ പുരട്ടാം. രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെളളം കൊണ്ട് കഴുകുക. അനാവശ്യ രോമങ്ങൾ കൊഴിഞ്ഞു പോകും. പച്ചപപ്പായയും മഞ്ഞളും കൂട്ടി അരച്ചു പുരട്ടുന്നതും മുഖ രോമങ്ങൾ കളയാൻ ഉത്തമമാണ്.

* ഇളം ചൂടുവെളളത്തിൽ അൽപ്പം ഉപ്പിട്ട് അതു കവിൾ കൊളളുക. ഇതു ദിവസവും ചെയ്യുന്നത് മോണയ്ക്കും പല്ലിനും ഗുണം ചെയ്യും. പഴുത്ത മാവില കൊണ്ടു പല്ലു തേക്കാം. പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീങ്ങും. ചെറുനാരങ്ങാനീരിൽ ഉപ്പു പൊടിച്ചിട്ട് പല്ലു തേക്കുക. ഒരാഴ്ചയ്ക്കുളളിൽ പല്ലിന്റെ മഞ്ഞ നിറത്തിൽ മാറ്റം വരും.

* നഖം പൊട്ടിപ്പോകുന്നതും നഖം വളരാതിരിക്കുന്നതും പെൺകുട്ടികളെ വല്ലാതെ അലട്ടുന്ന പ്രശ്‌നമാണ്. ശുദ്ധമായ വെളിച്ചെണ്ണ നഖങ്ങളിൽ തടവി നന്നായി മസാജ് ചെയ്യുക. പത്തു മിനിറ്റു വച്ച ശേഷം ഉപ്പിട്ട ചൂടുവെളളത്തിൽ നഖം കഴുകാം.

* പേൻ ശല്യമുളളവർ കിടക്കും മുൻപ് തലമുടിയിലും തലയിണയിലും കൃഷ്ണ തുളസി ഇലകൾ വച്ചിട്ട് കിടക്കുക. ആഴ്ചയിൽ രണ്ടു തവണ കടുകരച്ച് തലയിൽ പുരട്ടി കുളിക്കാം. താരൻ അകലും. ചെറുപയർ അരച്ച് തൈരിൽ കലക്കി താളിയാക്കി തേക്കുന്നതും താരന്റെ ശല്യം കുറയ്ക്കും.

* വരണ്ട ചർമമുളളവർ സോപ്പിനു പകരമായി ചെറുപയർ പൊടി ഉപയോഗിക്കുക. ചെറുപയർ വെയിലത്തു വച്ചുണക്കി പൊടിച്ചെടുക്കുന്നതാണു നല്ലത്. കടയിൽ നിന്നു വാങ്ങുന്ന പായ്ക്കറ്റുകളിൽ എത്രത്തോളം പയറു പൊടിയുണ്ടെന്ന് വിശ്വസിക്കാനാകില്ല. പയറു പൊടിയിൽ അൽപം വെളിച്ചെണ്ണ ചേർത്ത് ദേഹമാസകലം പുരട്ടി കുളിക്കുന്നത് ചർമത്തിന്റെ വരൾച്ചയകറ്റും. കുളിക്കും മുമ്പേ ദേഹമാസകലം എണ്ണതൊട്ടു പുരിയിട്ട് കുളിക്കുന്നതും നല്ലതാണ്.

* എണ്ണമയമില്ലാത്തതും വരൾച്ച താത്തതുമായ സാധാരണ ചർമമുളളവർ മഞ്ഞളും ചെറുപയർ പൊടിയും സമം എടുത്ത് വെളളത്തിൽ ചാലിച്ചു ശരീരത്തിൽ പുരട്ടി മസാജ് ചെയ്തശേഷം കുളിക്കാം. ചർമത്തിന്റെ നിറം വർധിക്കും.

* കണ്ണുകളുടെ ക്ഷീണം മാറാൻ കട്ടൻ ചായയോ പനിനീരോ പഞ്ഞിയിൽ മുക്കി പത്തു മിനിറ്റുനേരം കൺപോളയ്ക്ക് മുകളിൽ വയ്ക്കാം. മുരിങ്ങയിലയും പൂവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിനു തെളിമയും ഉൻമേഷവും നൽകും.

* ചുണ്ടിലെ കറുപ്പുനിറം മാറ്റാൻ വെണ്ണയിൽ (ഉപ്പു ചേരാത്തത്) കുങ്കുമപ്പൂ ചാലിച്ചു ചുണ്ടിൽ പുരുക. വെണ്ണയിൽ രണ്ടു മൂന്നു തുള്ളി തേൻ ചേർത്തു ചുണ്ടിൽ പുരുക. ചുണ്ടിലെ കരുവാളിപ്പു മാറി നല്ല തുടുപ്പ് ഉണ്ടാകും. കറുത്ത ചുണ്ടുകൾ മുഖസൗന്ദര്യത്തെ ആകെ കെടുത്തിക്കളയും. ചുണ്ടു തുടുക്കാൻ കുങ്കുമപ്പൂവ് ഉപയോഗിക്കാം. കുങ്കുമപ്പൂവ് ഒരു തുളളി തേനിൽ ചാലിച്ച് വയ്ക്കുക. ഈ മിശ്രിതത്തിൽ അൽപം പാലും ചേർത്ത് ചുണ്ടിൽ പുരട്ടിയാൽ കറുപ്പു നിറം അശേഷം മാറി തുടുത്ത റോസാദളങ്ങൾ പോലെയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News