ജോജുവിന്‍റെ മക്കൾക്കും മാതാപിതാക്കൾക്കും പുറത്തിറങ്ങാനാകുന്നില്ല; കേസ്​ പിൻവലിക്കാനും സമ്മർദം

ജോജു ജോർജ് വിഷയം നിയമസഭയിലും. ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജ് ഭീഷണി നേരിടുന്നതായി നടനും കൊല്ലം എം.എൽ.എയുമായ എം മുകേഷ് നിയമസഭയില്‍ സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

ജോജുവിന്‍റെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ജോജുവിന്‍റെ സിനിമകളുടെ ചിത്രീകരണം തടസപ്പെടുത്തുന്നതായും എം മുകേഷ് എം എല്‍ എ പറഞ്ഞു.

ഒരു പൗരന്‍ എന്ന നിലയിലുള്ള പ്രതികരണം മാത്രമാണ് ജോജുവില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ ജോജുവിനെ മദ്യപാനിയെന്ന് ആക്ഷേപിച്ചു, തന്റെ വാഹനം ഉള്‍പ്പെടെ അക്രമിച്ച് തകര്‍ത്തവര്‍ക്ക് എതിരെ ജോജു നല്‍കിയ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.

അതേസമയം, സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയല്‍ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്നം കൂടിയാണെന്ന് മുകേഷിന്‍റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനു നേരെ ദയാദാക്ഷിണ്യമുണ്ടാകില്ല. അത്തരക്കാരെ കര്‍ക്കശമായി നേരിടുക തന്നെ ചെയ്യും. അങ്ങനെ നേരിടുന്നതിന് നാടൊന്നാകെ പിന്തുണക്കുന്ന അവസ്ഥയാണുണ്ടാവുക. അതാണ് ഈ നാടിന്റെ പാരമ്പര്യം.

നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കലാരംഗത്തുള്ളവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഏതു വിധത്തിലുള്ള കടന്നുകയറ്റത്തെയും ശക്തമായി നേരിടുക തന്നെ ചെയ്യും.

കൈയൂക്കു കൊണ്ട് കാര്യം നടത്താം എന്ന സ്ഥിതി ഉണ്ടാവേണ്ടതില്ല. ഫാസിസ്റ്റു രീതികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല ഇതെന്ന് മനസ്സിലാക്കി ഇനിയെങ്കിലും അത്തരക്കാര്‍ സ്വയം പിന്മാറണം. നാട്ടിലെ പൗരസ്വാതന്ത്ര്യവും ജനാധിപത്യവും നിയമപാലനവും സര്‍ക്കാര്‍ ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel