” തീവ്രവാദത്തിന് അഫ്ഗാനിസ്ഥാൻ അഭയഭൂമി ആകരുത് “

അഫ്ഗാനിസ്ഥാനിലെ നിലവിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ദില്ലിയിൽ നടന്ന യോഗം അവസാനിച്ചു. ഇന്ത്യ ആതിഥേയത്വം വഹിച്ച യോഗത്തിൽ ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഒഴികെ മേഖലയിലെ മറ്റ് 7 രാജ്യങ്ങൾ പങ്കെടുത്തു. തീവ്രവാദത്തിന് അഫ്ഗാനിസ്ഥാൻ അഭയഭൂമി ആകരുത് എന്ന് മുന്നറിയിപ്പ് നൽകിയ യോഗം അഫ്ഗാൻ ജനതയ്ക്ക് ആവശ്യമായ പിന്തുണ നൽകുമെന്ന് ഉറപ്പ് വരുത്തി.

ദക്ഷിണ മധ്യ ഏഷ്യൻ മേഖലകളിലെ ഏഴ് രാജ്യങ്ങളുടെ യോഗമാണ് തീവ്രവാദത്തിന് എതിരായ സംയുക്ത പ്രമേയം പാസാക്കിയത്. ഇങ്ങനെ ഒരു യോഗത്തിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തിന് അധ്യക്ഷത വഹിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ വിവിധ രാജ്യങ്ങളിലെ സുരക്ഷാ കൗൺസിൽ മേധാവികളും സുരക്ഷാ ഉപദേഷ്ടകരുമാണ് പങ്കെടുത്തത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തിയ യോഗം മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങളെയും ലഹരി കടത്തിനെയും അപലപിച്ചു.

അഫ്ഗാനിസ്ഥാൻ്റെ പരമാധികാരത്തിൽ ഇടപെടൽ നടത്തില്ല എന്നും എന്നാല്‍ അഫ്ഗാൻ യാതൊരു തരത്തിലും തീവ്രവാദത്തിന് അഭയം നൽകുന്ന മണ്ണായി മാറരുത് എന്നും സംയുക്ത പ്രസ്താവനയിലൂടെ യോഗം ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പടെ അഫ്ഗാൻ ജനതയ്ക്ക് ആവശ്യമായ പിന്തുണയും യോഗം ഉറപ്പ് വരുത്തി.

റഷ്യ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഇറാൻ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ നിന്ന് ചൈനയും പാക്കിസ്ഥാനും വിട്ട് നിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News