കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് ശക്തമായ പദ്ധതി വേണം; അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയില്‍ കരട് പ്രമേയം

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് 2022നകം ശക്തമായ പദ്ധതി ആവശ്യപ്പെട്ട് അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ കരട് പ്രമേയം. ചൈനയും അമേരിക്കയും തമ്മില്‍ കാലാവസ്ഥാ സഹകരണത്തിന് ധാരണ. ഭൗമാന്തരീക്ഷത്തിന്‍റെ താപനില വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കുകയെന്ന അന്താരാഷ്ട്ര ലക്ഷ്യത്തിന് ഇത് കരുത്ത് പകരും. ഉച്ചകോടി നാളെ അവസാനിക്കും.

നമ്മുടെ മക്കളുടെയും കൊച്ചുമക്കളുടെയും ഭാവി ഉറപ്പുവരുത്താനാണിതെന്നാണ് ഉച്ചകോടിയുടെ കരട് കരാര്‍ പ്രഖ്യാപിച്ചുകൊണ്ട് COP 26 പ്രസിഡന്‍റ് അലോക് ശര്‍മ പറഞ്ഞത്. കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കാനുള്ള ശക്തമായ പദ്ധതികള്‍ ഓരോ രാജ്യങ്ങളും പ്രഖ്യാപിക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

2022 നവംബറില്‍ ഈജിപ്റ്റില്‍ ചേരുന്ന 27-ാം കാലാവസ്ഥാ ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളുടെ പദ്ധതികള്‍ ചര്‍ച്ച ചെയ്യാനും നിര്‍ദേശമുണ്ട്. അടുത്ത കൊല്ലത്തോടെ പദ്ധതി സമര്‍പ്പിക്കാനുള്ള ആഹ്വാനത്തോട് ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല.

2030ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം ഇപ്പോഴുള്ളതിനേക്കാള്‍ 45 ശതമാനം കുറയ്ക്കാനും 2050ഓടെ നെറ്റ് സീറോയിലെത്തിക്കാനുമാണ് ലക്ഷ്യംവയ്ക്കുന്നത്. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ ലക്ഷ്യം 2070ലേ നേടാന്‍ കഴിയൂ എന്നാണറിയിച്ചിരിക്കുന്നത്.

ഇതിനിടെ ചൈനയും അമേരിക്കയും തമ്മില്‍ കാലാവസ്ഥാ സഹകരണത്തിന് തീരുമാനമായി. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷിജിന്‍ പിങ്ങും പങ്കെടുക്കുന്ന വിര്‍ച്വല്‍ യോഗം അടുത്തയാഴ്ച സംഘടിപ്പിക്കും.

ഭൗമാന്തരീക്ഷ താപനില വര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കുകയെന്ന അന്താരാഷ്ട്ര ലക്ഷത്തിന് ഇത് കരുത്ത് പകരും. ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്‍റ് പങ്കെടുക്കാത്തതില്‍ ഉച്ചകോടിയുടെ ആരംഭത്തില്‍ ബൈഡന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അമേരിക്കയുടെ മുതലാളിത്ത നയമാണ് കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് പ്രതിനിധികളും വിമര്‍ശനമുയര്‍ത്തി. എന്നാല്‍ ഉച്ചകോടിയുടെ ഒടുക്കത്തില്‍ രൂപപ്പെടുന്ന ഈ സഹകരണം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള മഞ്ഞുരുക്കത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, ഉച്ചകോടിയുടെ കാപട്യം വിളിച്ചുപറഞ്ഞ് യൂറോപ്യന്‍ നഗരങ്ങളിലെല്ലാം ശക്തമായ പ്രതിഷേധം തുടരുകയാണ്. ഗ്രെറ്റ തുണ്‍ബെര്‍ഗിന്‍റെ നേതൃത്വത്തില്‍ ഫ്രൈഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പ്രസ്ഥാനമാണ് ഗ്ലാസ്ഗോയിലെ തെരുവുകളില്‍ സമര പ്രകമ്പനമുയര്‍ത്തുന്നത്. സമ്പന്നരാജ്യങ്ങള്‍ക്ക് അജണ്ട നടപ്പാക്കാനുള്ള വേദി മാത്രമായി ഉച്ചകോടി ചുരുങ്ങുന്നുവെന്നാണ് ഉയരുന്ന വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here