ഈ മാസം ന്യൂസിലൻഡിനെതിരെ കേരളത്തിൽ വെച്ചു നടക്കാനിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി സൂപ്പർ താരം സഞ്ജു സംസണും ഇടം പിടിക്കുമെന്നായിരുന്നു നേരത്തെ സൂചനകളുണ്ടായിരുന്നത്. എന്നാൽ ഇന്നലെ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജു അതിൽ നിന്ന് തഴയപ്പെടുകയായിരുന്നു.
പതിനാലാം സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം കാഴ്ച വെച്ച, നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന സഞ്ജുവിനെ വീണ്ടും ഇന്ത്യൻ ടീമിൽ നിന്ന് സെലക്ടർമാർ തഴഞ്ഞത് ആരാധകരെ ഞെട്ടിച്ചു.
ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നീ രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാർ സ്ക്വാഡിലുള്ളത് കൊണ്ടാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജുവിനെ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതെന്നായിരുന്നു ടീം സെലക്ഷന് പിന്നാലെ ആരാധകരുടെ വിലയിരുത്തൽ.
എന്നാൽ സഞ്ജു ഒരു മികച്ച ഫീൽഡറാണെന്നും, വിക്കറ്റ് കീപ്പറുടെ റോളിലല്ലാതെയും ടീമിന് വേണ്ടി തിളങ്ങാൻ അദ്ദേഹത്തിന് കഴിയുമെന്നും ആരാധകർ ചൂണ്ടിക്കാട്ടി. സഞ്ജുവിനെ തഴഞ്ഞ സെലക്ഷൻ കമ്മറ്റിക്കെതിരെ വലിയ വിമർശനങ്ങളാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഉയർത്തിയത്.
അതേസമയം, ടീമിൽ നിന്ന് തഴയപ്പെട്ടതിൽ സഞ്ജുവും വലിയ നിരാശയിലാണെന്നത് വ്യക്തമാണ്. ഇന്ന് തന്റെ ട്വിറ്റർ ഹാൻഡിലിൽ ക്യാപ്ഷനില്ലാതെ അദ്ദേഹം പങ്കു വെച്ച ചിത്രങ്ങൾ അതിന്റെ സൂചനയാണ്. ഇന്ത്യൻ ടീമിനായും, ഐപിഎൽ ടീമായ ഡൽഹി ഡെയർഡെവിൾസിനായും കളിക്കുമ്പോൾ പുറത്തെടുത്ത ചില അക്രോബാറ്റിംഗ് ഫീൽഡിംഗിന്റെ ചിത്രങ്ങളായിരുന്നു ക്യാപ്ഷനില്ലാതെ സഞ്ജു ട്വിറ്ററിൽ പങ്കു വെച്ചത്.
ADVERTISEMENT
— Sanju Samson (@IamSanjuSamson) November 10, 2021
വിക്കറ്റ് കീപ്പർ മാത്രമല്ല, താനൊരു മികച്ച ഫീൽഡർ കൂടിയാണെന്നും, വിക്കറ്റ് കീപ്പറായി മാത്രമേ തന്നെ ടീമിലേക്ക് പരിഗണിക്കാവൂ എന്നില്ലെന്നുമാണ് ഈ ചിത്രങ്ങളിലൂടെ സഞ്ജു ചൂണ്ടിക്കാട്ടുന്നത്. എന്തായാലും സഞ്ജുവിന്റെ ഈ പോസ്റ്റിന് താഴെയും വലിയ പിന്തുണയാണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.