കർഷക കൊലപാതകം; ആശിഷ് മിശ്രയടക്കമുള്ളവരുടെ തോക്കുകളിൽനിന്ന് വെടി പൊട്ടിയെന്ന് റിപ്പോർട്ട്

ലഖിംപുർ ഖേരി കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയടക്കമുള്ളവരുടെ തോക്കുകളിൽനിന്ന് വെടിയുതിർന്നതായി ഫൊറൻസിക് റിപ്പോർട്ട്. വെടിവയ്പ്പുണ്ടായെന്നു കർഷകർ ആരോപിച്ചിരുന്നെങ്കിലും ഇല്ലെന്നായിരുന്നു ആശിഷിന്റെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്ര പറഞ്ഞിരുന്നത്.

ഇതോടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെച്ചൊല്ലിയും ആരോപണങ്ങളുയർന്നു. ആരുടെയും ദേഹത്തു വെടികൊണ്ട പാടുകളില്ലെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വെടിയേറ്റിട്ടുണ്ടെന്നു കുടുംബാംഗങ്ങൾ പറഞ്ഞതിനെത്തുടർന്ന് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയ രണ്ട് മൃതദേഹങ്ങളിലും വെടിയേറ്റിട്ടില്ലെന്ന് അധികൃതർ പറഞ്ഞിരുന്നു.

കേസിലെ പ്രതികളായ ആശിഷ് മിശ്ര, അനുയായി അങ്കിത് ദാസ് എന്നിവരുടെ വീടുകളിൽനിന്നു റിവോൾവർ, റൈഫിൾ എന്നിവയടക്കം അഞ്ച് തോക്കുകളാണു പ്രത്യേകാന്വേഷണ സംഘം പിടിച്ചെടുത്തത്. ഇവയിൽനിന്നു വെടിയുതിർന്നുവെന്നാണ് റിപ്പോർട്ടിലുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ വെളിപ്പെടുത്തി. എന്നാൽ, അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് ഡിഐജി ഉപേന്ദ്ര അഗർവാൾ പറഞ്ഞു.

ഒക്ടോബർ മൂന്നിന് ലഖിംപുർ ഖേരിയിൽ കർഷകർക്കു മേൽ ജീപ്പോടിച്ചു കയറ്റിയ സംഭവത്തിനിടെ 4 കർഷകരും ഒരു മാധ്യമ പ്രവർത്തകനും തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ 3 ബിജെപി പ്രവർത്തകരും മരിച്ചിരുന്നു.

ആശിഷ് മിശ്രയടക്കമുള്ള കേസിലെ 13 പ്രതികൾ ലഖിംപുർ ഖേരി ജയിലിലാണ്. ഇവരിൽ ചിലരുടെ ജാമ്യാപേക്ഷ 15ന് ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്. കേസ് ഡയറിയും സാക്ഷിമൊഴികളും അന്നു ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here