അപ്പം, അരവണ പ്രസാദങ്ങളുടെ നിര്‍മാണം ഇന്നും നാളെയുമായി ആരംഭിക്കും

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള അപ്പം, അരവണ പ്രസാദങ്ങളുടെ നിര്‍മാണം ഇന്നും നാളെയുമായി ആരംഭിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയുള്ള തീര്‍ത്ഥാടകരുടെ എണ്ണം ഉയരുന്നതും ബോര്‍ഡിന് പ്രതീക്ഷ പകരുന്നു. ഇതിനിടെ, പരമ്പരാഗത കാനനപാതയിലൂടെ തീര്‍ത്ഥാടകരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യം പന്തളം കൊട്ടാരം പ്രതിനിധികള്‍ ഉന്നയിച്ചു.

കൊവിഡ് മഹാമാരി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാര്യങ്ങളില്‍ കൂടി കടന്നു വരുന്ന തീര്‍ത്ഥാടന കാലയളവിലും അടിയന്തരമായി ചെയ്യേണ്ട ജോലികള്‍ക്ക് ദേവസ്വം ബോര്‍ഡ് മുടക്കം വരുത്തുന്നില്ല. തീര്‍ത്ഥാടകര്‍ക്കേറെ ആവശ്യമായ അപ്പം, അരവണ പ്രസാദങ്ങളുടെ നിര്‍മാണം തുടങ്ങി കഴിഞ്ഞു.

അരവണ നിര്‍മാണം ആണ് ആദ്യം തുടങ്ങിയത്. പ്രതിദിനം രണ്ട് ലക്ഷം ടിന്‍ അരവണയാണ് ഉണ്ടാക്കുക. ശനിയാഴ്ച മുതല്‍ അപ്പത്തിനുള്ള കൂട്ട് ഒരുക്കി ഉത്പാദനം തുടങ്ങും. അരവണയുടെ അതേ എണ്ണത്തില്‍ തന്നെയാണ് അപ്പവും ദിവസേന തയ്യാറാക്കുക.

ഇതിനാവശ്യമായ പത്ത് ലക്ഷം കിലോ ശര്‍ക്കര സന്നിധാനത്തെത്തിച്ചു കഴിഞ്ഞു. ഇതിനിടെ ഒരു മാസം മുന്‍പേ ആരംഭിച്ച വെര്‍ച്വല്‍ ക്യൂ ബുക്കിങ് 12 ലക്ഷം പിന്നിട്ടു. ഇതു വളരെ പ്രതീക്ഷയോടെയാണ് ബോര്‍ഡ് നോക്കി കാണുന്നത്.

200ലധികം കടകളാണ് ഇനിയും ലേലത്തില്‍ പോകാനുള്ളത്. വരും ദിവസങ്ങളില്‍ പരമാവധി ഇളവുകള്‍ നല്‍കി വ്യാപാരികളെ കൊണ്ട് കടകള്‍ ഏറ്റെടുക്കാന്‍ ബോര്‍ഡ് ശ്രമം തുടരുകയാണ്. അതേസമയം, പരമ്പരാഗത കാനന പാതയില്‍ കൂടി തീര്‍ത്ഥാടകരെ അനുവദിക്കണമെന്നാവശ്യവുമായി പന്തളം കൊട്ടാരം അംഗങ്ങള്‍ രംഗത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here