മലയാളികളുടെ സ്വന്തം മുത്തച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് 99-ാം പിറന്നാൾ

മലയാളികളുടെ സ്വന്തം മുത്തച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് 99-ാം പിറന്നാൾ

കഴിഞ്ഞ ജനുവരിയിൽ നമ്മെ വിട്ടുപിരിഞ്ഞ ഉണ്ണികൃഷ്ണൻ നമ്പൂതിരി തൊണ്ണൂറ്റി ഒൻപതാം പിറന്നാൾ ആഘോഷിക്കേണ്ട ദിവസമാണ് ഇന്ന്.98 വയസു വരെ ഉത്സാഹഭരിതനായി ജീവിതത്തെ നോക്കിക്കണ്ട,സന്തോഷവും ഊർജവും ആവോളം മറ്റുള്ളവർക്ക് പകർന്നു നൽകിയ മുത്തശ്ശൻ,കണ്ണൂര്കാരുടെ മാത്രമല്ല മലയാളക്കരയുടെ മൊത്തം അഭിമാനമായിരുന്നു.98-ാം വയസ്സില്‍ കൊവിഡിനെ അതിജീവിച്ച വ്യക്തികൂടിയാണ് അദ്ദേഹം.

തുലാമാസത്തിലെ തിരുവോണം നാൾ എല്ലാ വർഷവും പയ്യന്നൂർ കോറോം പുല്ലേരി വാദ്ധ്യാരില്ലത്ത് ആഘോഷമായിരുന്നു. പിറന്നാൾ ആഘോഷിക്കാൻ അച്ഛൻ ഒരാഴ്ച മുന്നേ ഒരുക്കങ്ങൾ തുടങ്ങും എന്ന് മകൻ ഭവദാസ് ഓർമ്മിക്കുന്നു.”മിക്ക പിറന്നാൾ ദിനത്തിലും മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവർ ഉണ്ണികൃഷ്ണൻ നമ്പൂതിരിയ്ക്ക് ആശംസയറിയിക്കാൻ എത്തിയിരുന്നു.ഇത്തവണ മുത്തശ്ശന്റെ ശൂന്യതയിൽ ആഘോഷങ്ങളും ആരവങ്ങളുമില്ല. പകരം ഹോപ്പ് എന്ന വൃദ്ധസദനത്തിലുള്ള അന്തേവാസികൾക്കായി ഒരു ദിവസത്തെ ആഹാരം നൽകുന്നു” എന്നും മകൻ ഭവദാസ് പറഞ്ഞു.

മകൻ ഭവദാസിനൊപ്പം ഉണ്ണികൃഷ്ണൻ നമ്പൂതിരി

1922 ഒക്ടോബർ 25 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. പയ്യന്നൂർ ബോയ്സ് ഹൈസ്ക്കൂളിലായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ പ്രാഥമിക വിദ്യാഭ്യാസം.കമ്യൂണിസ്റ്റ് സഹയാത്രികനായ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പാർട്ടി പ്രവർത്തകനായി പല സമര പരിപാടികളിലും പങ്കെടുത്തിരുന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷക സംഘത്തിന്റെയും പലനേതാക്കള്‍ക്കും പുല്ലേരി വാധ്യാരില്ലം ഒളിയിടമായിരുന്നുഎ കെ ജി ഒളിവിൽ കഴിഞ്ഞത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു. എ.കെ.ജി. അയച്ച കത്തുകള്‍ ഇന്നും നിധിപോലെ നമ്പൂതിരി സൂക്ഷിക്കുന്നു.  ഇ.കെ.നായനാര്‍, സി.എച്ച്.കണാരന്‍, കെ.പി.ഗോപാലന്‍, കെ.പി.ആര്‍, എ.വി.കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, ടി.എസ്.തിരുമുമ്പ്, വിഷ്ണു ഭാരതീയന്‍, കേരളീയന്‍ എന്നിവര്‍ക്കെല്ലാം ഒളിസ്ഥലവും അഭയസ്ഥാനവുമായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വാദ്ധ്യാരില്ലം.

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി തന്റെ 76-ആം വയസ്സിലാണ് സിനിമയിലഭിനയിയ്ക്കുന്നത്. 1996 ൽ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്.ആ സിനിമയിലെ അദ്ദേഹത്തിന്റെ വേഷം വലിയതോതിൽ പ്രേക്ഷക പ്രീതിനേടി. തുടർന്ന് ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, ഗർഷോം, കല്യാണരാമൻ… എന്നിവയുൾപ്പെടെ പന്ത്രണ്ടോളം മലയാള ചിത്രങ്ങളിൽ അദേഹം അഭിനയിച്ചു.

കമൽ ഹാസനൊപ്പം ‘പമ്മൽകെ സമ്മന്തം’, രജനികാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെ മുത്തച്ഛൻവേഷത്തിൽ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’, മലയാളസിനിമകളായ ‘രാപ്പകൽ’, ‘കല്യാണരാമൻ’, ‘ഒരാൾമാത്രം’ തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവിൽ അഭിനയിച്ച ചിത്രം.

മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിനായി.ചന്ദ്രമുഖി ഉൾപ്പെടെ മൂന്ന് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സെന്റിമെന്റ്സും കോമഡിയും ഒരുപോലെ വഴങ്ങുന്ന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുത്തച്ഛൻ കഥാപാത്രങ്ങൾ സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News