തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ തിരിമറി; കെ സുരേന്ദ്രന്റെ അനുനയനീക്കങ്ങൾ പാളി

വയനാട്ടിലെ ബിജെപി തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ തിരിമറി സംബന്ധിച്ച പരാതിയിൽ നടപടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ നടത്തിയ അനുനയനീക്കങ്ങൾ പാളി. നടപടി വേണമെന്ന ആവശ്യത്തിൽ വിമത വിഭാഗം ഉറച്ചുനിന്നതോടെയാണ്‌ തീരുമാനം നീണ്ടത്‌.
ജില്ലാ കമ്മിറ്റി പുനഃസംഘടനയും നടന്നില്ല. പുറത്താക്കിയവരെ തിരിച്ചെടുക്കാനും ഇടഞ്ഞുനിൽക്കുന്നവർക്ക്‌ മേൽ ഘടകങ്ങളിൽ സ്ഥാനങ്ങൾ നൽകാനുമുള്ള തീരുമാനത്തിലൂടെ പ്രശ്നത്തിൽ സമവായത്തിലെത്താനായിരുന്നു ശ്രമമെങ്കിലും നടന്നില്ല.

ഇന്നലെ വൈകുവോളം മുതിർന്ന നേതാക്കളുമായും വിമതരുമായി കെ സുരേന്ദ്രൻ ചർച്ച നടത്തി. സംഘടനാ സെക്രട്ടറി എം ഗണേഷ്‌ ബത്തേരിയിൽ രാജിവെച്ച ജില്ലാ നേതാക്കളേയും പോഷക സംഘടനാ ഭാരവാഹികളേയും കണ്ടു. എന്നാൽ നടപടി വേണമെന്ന നിലപാട്‌ വിമത വിഭാഗം ആവർത്തിച്ചു. പ്രസിഡന്റ്‌ കെ പി മധു,ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി.

മൂന്നരക്കോടിയുടെ തിരിമറിയിൽ ഗൗരവമായി അന്വേഷണം എന്തുകൊണ്ട്‌ ഉണ്ടാവുന്നില്ല എന്ന് മുതിർന്ന നേതാക്കൾ ചോദിച്ചു. നടപടിയുണ്ടായില്ലെങ്കിൽ സംഘടനക്ക്‌ ജനങ്ങൾക്കിടയിൽ ഇറങ്ങാനാവില്ലെന്നും ചുമതലകളിൽ നിന്ന് നീക്കം ചെയ്യണമെന്നതുൾപ്പെടെ വിമതർ ആവശ്യപ്പെട്ടു. പരാതികൾ കേട്ട കെ സുരേന്ദ്രൻ ചില നിർദ്ദേശങ്ങൾ വെച്ചെങ്കിലും നടപടിയില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് വിമതർ പറഞ്ഞു.ഇതോടെയാണ്‌ പ്രശ്നത്തിൽ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുമെന്ന് കെ സുരേന്ദ്രൻ അറിയിച്ചത്‌.

പുറത്താക്കിയ ജില്ലാ നേതാവ്‌ കെ ബി മദൻലാലിനെ തിരിച്ചെടുക്കുകയും ഇടഞ്ഞുനിൽക്കുന്ന മുൻ ജില്ലാ പ്രസിഡന്റ്‌ സജി ശങ്കറിനെ കൂടുതൽ ചുമതലകളിലേക്ക്‌ കൊണ്ടുവരികയും മറ്റ്‌ രാജിവെച്ചവരെ തിരിച്ചെടുക്കുകയും ചെയ്ത്‌ സമവായത്തിലെത്താൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്‌. എന്നാൽ നടപടി വേണമെന്ന ആവശ്യം പരിഗണിക്കാനിടയില്ല.

കെ സുരേന്ദ്രന്റെ അനുയായികളായ പ്രശാന്ത്‌ മലവയലും കെ പി മധുവുമെല്ലാം കെ സുരേന്ദ്രൻ പ്രതിയായ കോഴക്കേസിൽ നിർണ്ണായക സാക്ഷികളാണ്‌. കേസിൽ ഇവരെ പ്രതിചേർക്കാനും സാധ്യതയുണ്ട്‌. ഈ സാഹചര്യത്തിൽ നടപടിയെ കെ സുരേന്ദ്രൻ എതിർക്കും.പ്രശ്നത്തിൽ പരിഹാരം ഉടനുണ്ടാവണമെന്ന് വിമത വിഭാഗം അന്ത്യശാസനം നൽകിയിട്ടുണ്ട്‌. നാളെ കോർക്കമ്മറ്റി ചേർന്ന് ജില്ലാ കമ്മറ്റിയെ തെരെഞ്ഞെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്‌.

സംഘടനാ നടപടി നേരിട്ടവരെ തിരിച്ചെടുത്തില്ലെങ്കിൽ ജില്ലാ കമ്മറ്റിയിൽ നിന്ന് അവർ പുറത്താവുന്ന സാഹചര്യമുണ്ടാവും. ഇതിന്‌ മുൻപ്‌ ആരോപണ വിധേയർക്കെതിരെ നടപടിയുണ്ടാവണമെന്ന നിലപാടിലാണ്‌ വിമത വിഭാഗം. അതേസമയം, ബത്തേരി കോഴക്കേസിൽ ഒന്നാം പ്രതിയായ കെ സുരേന്ദ്രനേയും രണ്ടാം പ്രതി സികെ ജാനുവിനേയും അടുത്ത ദിവസങ്ങളിൽ അന്വേഷണം സംഘം ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News