ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കുറുപ്പി’ന്റെ ട്രെയിലര്‍ ഇപ്പോഴിതാ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു
കുറുപ്പിന്റെ ലൈറ്റ് അപ് ചെയ്തതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
സുകുമാരക്കുറുപ്പായി വേഷമിട്ട ദുല്‍ഖറിന്റെ ചിത്രങ്ങള്‍ കെട്ടിടത്തില്‍ തെളിഞ്ഞപ്പോള്‍ ആര്‍പ്പു വിളിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
ദുല്‍ഖര്‍ സല്‍മാനും ലൈറ്റ് അപ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. നടനും കുടുംബവും ബുര്‍ജ് ഖലീഫയില്‍ ഈ മനോഹര ദൃശ്യത്തിന് സാക്ഷിയായി ഉണ്ടായിരുന്നു. നിരവധി പേരാണ് വീഡിയോ പ്രദര്‍ശനം കാണാന്‍ തടിച്ചു കൂടിയത്. ഇവരെ അഭിവാദ്യം ചെയ്യുന്ന ദുല്‍ഖറിനെയും വീഡിയോയില്‍ കാണാം.
സിനിമ റിലീസാകുന്നതിന് മുന്നോടിയായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. നവംബര്‍ 12നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് കുറുപ്പ്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ്.
നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്.
കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.