എല്ലാം വിറ്റ് തുലയ്ക്കാന്‍ കേന്ദ്രം; വിറ്റ് വിറ്റ് മതിയായില്ലേ….അടുത്ത ലക്ഷ്യം ബിപിസിഎല്ലോ…?

എണ്ണക്കമ്പനിയായ ബിപിസിഎല്ലിനെ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്. പെട്രോക്കെമിക്കൽ രംഗത്തേക്ക് അടുത്തിടെ പ്രവേശിച്ച അദാനി ഗ്രൂപ്പ് ലേലത്തിൽ നേരിട്ട് പങ്കെടുക്കില്ലെങ്കിലും ലേലത്തിൽ പങ്കെടുത്ത മറ്റ് കമ്പനിയുമായി പങ്കാളിത്തം നടത്തും. ഇതിനായി ലേലത്തിൽ പങ്കെടുക്കുന്ന അപ്പോളോയെയും ഐ സ്‌ക്വയേർഡിനെയും അദാനി ഗ്രൂപ്പ് സമീപിച്ചു.

പെട്രോക്കെമിക്കൽ രംഗത്തേക്ക്‌ കടക്കുന്നതായി ജൂലൈ 30ന്‌ പ്രഖ്യാപിച്ച അദാനി ഗ്രൂപ്പ്‌ കേന്ദ്ര സർക്കാർ വില്പനയ്ക്ക് വച്ച പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിനെ ലക്ഷ്യമിടുന്നതായാണ് സൂചനകൾ. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതിന്റെ ഭാഗമായാണ് എണ്ണക്കമ്പനിയായ ഭാരത്‌ പെട്രോളിയം കോർപറേഷനും കേന്ദ്രം സ്വകാര്യ കമ്പനികൾക്ക് വിൽക്കുന്നത് .

മഹാരത്‌ന ഗണത്തിലുള്ള ബിപിസിഎല്ലിന്റെ 52.98 ശതമാനം ഓഹരിയാണ് വിൽക്കുക. ലേലത്തിൽ വേദാന്ത ഗ്രൂപ്പിനു പുറമെ സ്വകാര്യ ഓഹരി സ്ഥാപനങ്ങളായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ്‌, ഐ സ്‌ക്വയേർഡ്‌ എന്നിവയാണ്‌ പങ്കാളിയായത്‌.

മോദിയുടെയും അമിത്‌ ഷായുടെയും അടുപ്പക്കാരനായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്‌ ലേലത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ, ലേലത്തിൽ പങ്കെടുത്ത രണ്ടു കമ്പനിയെ പങ്കാളിത്ത വാഗ്‌ദാനവുമായി അദാനി ഗ്രൂപ്പ്‌ കഴിഞ്ഞ ദിവസം സമീപിച്ചുവെന്നാണ് സൂചനകൾ. അപ്പോളോയെയും ഐ സ്‌ക്വയേർഡിനെയുമാണ്‌ അദാനി ഗ്രൂപ്പ് സമീപിച്ചത്‌.

റിലയൻസ്‌ ഗ്രൂപ്പുമായുള്ള മത്സരത്തിന്റെ ഭാഗമായാണ് പെട്രോകെമിക്കൽ മത്സരരംഗത്തേക്ക്‌ അദാനി ഗ്രൂപ്പ്‌ കടക്കുന്നത് . പിന്നാലെ അദാനി പെട്രോക്കെമിക്കൽസ്‌ ലിമിറ്റഡ്‌ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും നിലവിൽ എണ്ണശുദ്ധീകരണ ശാലകളൊന്നും അദാനി ഗ്രൂപ്പിന്‌ സ്വന്തമായില്ല. ഈ കുറവ്‌ പരിഹരിക്കുന്നതിനാണ്‌ മുംബൈ, കൊച്ചി എന്നിവിടങ്ങളിൽ ശുദ്ധീകരണ ശാലകളുള്ള ബിപിസിഎല്ലിനെ അദാനി സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

ലേലത്തിന്‌ യോഗ്യരായ കമ്പനികൾക്ക്‌ അന്തിമ തുക പറയുന്നതിനുമുമ്പായി പുതിയ പങ്കാളികളെ കൊണ്ടുവരികയോ പങ്കാളികളെ മാറ്റുകയോ ചെയ്യാം. ഈ പഴുതിലൂടെയാണ്‌ അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുക്കാൻ ശ്രമിക്കുന്നത് .വമ്പൻ പൊതുമേഖലാ സ്ഥാപനമായതിനാൽ ബിപിസിഎല്ലിനായി ഒരു ലക്ഷം കോടിയോളം രൂപ മുടക്കേണ്ടിവരും. അതിനാൽ അപ്പോളോയും ഐ സ്‌ക്വയേർഡും പങ്കാളികളെ തേടുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, അദാനി ഗ്രൂപ്പ്‌ വാഗ്‌ദാനവുമായി എത്തിയത്‌ രണ്ടു സ്ഥാപനവും സ്ഥിരീകരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here