സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ എനിക്ക് ദുല്‍ഖറിനോടുള്ള ദേഷ്യം മാറി; ചാക്കോയുടെ മകന്‍ പറയുന്നു

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കുറുപ്പ് നവംബര്‍ 12ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. 5 ഭാഷകളിലായാണ് ചിത്രം തീയറ്ററിലെത്തുന്നത്.

ഇപ്പോളിതാ സുകുമാരകുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതിനും ഭാര്യ ശാന്തയും സിനിമയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ചിത്രത്തെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ സിനിമയ്ക്ക് അകത്ത് ഉണ്ടെന്നും ജിതിന്‍ പറഞ്ഞു.

”ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി കുറുപ്പ് എന്നൊരു സിനിമ ഇറങ്ങുകയാണെന്ന് ആദ്യം അറിഞ്ഞപ്പോള്‍ വളരെയധികം ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഒരുപാട് ആരാധിക്കുന്ന ദുല്‍ഖര്‍ സല്‍മാനാണ് ആ വേഷം ചെയ്യുന്നതെന്നുകൂടി അറിഞ്ഞപ്പോള്‍ ദേഷ്യവും സങ്കടവും വര്‍ധിച്ചു. പിന്നാലെ ടീസര്‍ വന്നപ്പോള്‍ ഇത് ഒരു കൊലയാളിയെ ന്യായീകരിക്കുന്ന ചിത്രമാണെന്ന് ഉറപ്പിച്ചു.

അങ്ങനെ ചിത്രത്തിനെതിരെ കേസുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുമ്പോഴാണ് കുറുപ്പിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിക്കുന്നത്. ഒരിക്കലും കുറുപ്പിനെ ന്യായീകരിക്കുന്ന സിനിമയല്ല ഇതെന്ന് അവര്‍ പറഞ്ഞു. ഞങ്ങളെ അത് ബോധ്യപ്പെടുത്തുന്നതിനായി സിനിമകാണിക്കാം എന്ന് അവര്‍ ഉറപ്പു നല്‍കി. അങ്ങനെ ഞങ്ങള്‍ എറണാകുളത്ത് പോയി സിനിമ കണ്ടു.

അമ്മയും ഞാനും അപ്പനെപ്പറ്റിയുള്ള കാര്യങ്ങള്‍ സംസാരിക്കാറില്ല. നമുക്ക് ഓര്‍മിക്കേണ്ട കാര്യങ്ങളല്ല അന്ന് സംഭവിച്ചത്. ഇതേപ്പറ്റി പത്രങ്ങളില്‍ നിന്നും മാഗസിനുകളില്‍ നിന്നും വായിച്ചാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. ആ സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി വായിച്ചറിഞ്ഞതിനേക്കാള്‍ അധികം കാര്യങ്ങള്‍ അതില്‍ ഉണ്ട്.

ലോകം അറിയേണ്ട കാര്യമാണ് അതെല്ലാം. സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ അല്ല സിനിമ ചെയ്തിരിക്കുന്നത്. പൂര്‍ണമായും യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സിനിമ.

സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ മുന്‍പ് എനിക്ക് അവരോടുണ്ടായിരുന്ന ദേഷ്യമൊക്കെ മാറി. ആദ്യമേ ഈ സിനിമകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് അവര്‍ മനസിലാക്കിത്തന്നിരുന്നെങ്കില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഞങ്ങളുടെ ആവശ്യം അവര്‍ അംഗീകരിച്ചു.

സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ സത്യത്തില്‍ എനിക്ക് സന്തോഷം ഉണ്ട്. ഞാന്‍ മാത്രമല്ല ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ ആ സിനിമയ്ക്കകത്ത് ഉണ്ട്. എന്റെ ആവശ്യം എന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിനുമുന്നില്‍ ഹീറോയാകാന്‍ പാടില്ല എന്ന് മാത്രമായിരുന്നു. അതില്ല എന്ന് സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി.”- ജിതിന്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News