ന്യൂമോണിയയ്‌ക്കെതിരെ സാന്‍സ് പദ്ധതി നടപ്പിലാക്കും; മന്ത്രി വീണാ ജോര്‍ജ്

ന്യൂമോണിയയ്‌ക്കെതിരെ സംസ്ഥാനത്ത് സാൻസ് (SAANS) പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ മാസം ആരംഭിച്ച് ഫെബ്രുവരി മാസം വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ലക്ഷ്യം വയ്ക്കുന്നത്.

ന്യൂമോണിയയെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, എത്രയും വേഗം ചികിത്സ ലഭ്യമാക്കുക, പരിശീലനം നൽകുക, ഫീൽഡ്തല ജീവനക്കാരെ സജ്ജമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. പലപ്പോഴും താമസിച്ച് ചികിത്സ തേടുന്നതാണ് ന്യൂമോണിയ മരണങ്ങൾക്ക് കാരണമാകുന്നത്. അതിനാൽ തന്നെ എത്രയും നേരത്തെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

‘ന്യൂമോണിയ തടയാം ഓരോ ശ്വാസവും വിലപ്പെട്ടത്’ എന്നതാണ് ഈ വർഷത്തെ ന്യൂമോണിയ ദിന സന്ദേശം. അണുബാധ കാരണം ഏറ്റവുമധികം പേരെ മരണത്തിലേക്ക് നയിക്കുന്ന രോഗമാണ് ന്യൂമോണിയ. കൂട്ടികളേയും പ്രായമായവരേയുമാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ന്യൂമോണിയ തടയാനായി നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. കുട്ടികളിലെ ന്യൂമോകോക്കൽ ന്യൂമോണിയ തടയാൻ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ നൽകി വരുന്നു. ഇപ്പോൾ ഈ വാക്‌സിൻ എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ട്.

എന്താണ് ന്യൂമോണിയ?

അണുബാധ നിമിത്തം ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാകുകയും അത് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ന്യൂമോണിയ. ലക്ഷണങ്ങൾ ഒന്നും ഇല്ലാതെയോ ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടു കൂടിയോ ന്യൂമോണിയ പ്രത്യക്ഷപ്പെടാം. വിവിധ തരത്തിലുള്ള ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മാണുക്കളാണ് ന്യൂമോണിയക്ക് കാരണമാകുന്നത്.

ആർക്കൊക്കെ ന്യൂമോണിയ വരാം

ആർക്കു വേണമെങ്കിലും ന്യൂമോണിയ വരാമെങ്കിലും 5 വയസിന് താഴെയുള്ള കുട്ടികളേയും പ്രായമായവരേയും സി.ഒ.പി.ഡി, പ്രമേഹം, ഹൃദ്രോഗം, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരേയും പ്രതിരോധശേഷി കുറഞ്ഞവരേയുമാണ് കൂടുതലും ബാധിക്കുന്നത്.

ന്യൂമോണിയ വരാൻ പ്രധാന കാരണം

ന്യൂമോണിയ വരുന്നതിനുള്ള ഒരു പ്രധാന കാരണമാണ് വായു മലിനീകരണം. 5 വയസിന് താഴെ പ്രായമുള്ള കുട്ടികളിൽ ജനനസമയത്തെ ഭാരക്കുറവും, മാസം തികയാതെയുള്ള ജനനവും ന്യൂമോണിയ്ക്കും അതു മൂലമുള്ള മരണത്തിനും സാധ്യത ഉണ്ടാക്കുന്നു.

രോഗലക്ഷണങ്ങൾ

ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, കഫത്തോടുകൂടിയ ചുമ, പനി, വിയർക്കൽ, വിറയൽ, ക്ഷീണവും സ്ഥലകാലബോധമില്ലായ്മയും (പ്രത്യേകിച്ച് പ്രായമായവരിൽ) എന്നിവയാണ് ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങൾ.

ന്യൂമോണിയ ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. അത് രക്തത്തിൽ അണുബാധയുണ്ടാകാനും ശ്വസന പ്രശ്‌നങ്ങൾക്കും ശ്വാസകോശാവരണത്തിലെ നീർക്കെട്ടിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. ന്യൂമോണിയ ബാധിച്ച് യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചേക്കാം. അതിനാൽ തന്നെ ആരംഭത്തിലെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയാൽ ജീവൻ രക്ഷിക്കാൻ സാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News