സാങ്കേതിക സർവ്വകലാശാല: എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ ക്ലാസ്സുകൾ 22 മുതൽ

എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാലയുടെ അധീനതയുള്ള കോളേജുകളിൽ ബിരുദ പഠനത്തിനായി ഈ വർഷം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കായി സർവ്വകലാശാല സംഘടിപ്പിക്കുന്ന അവബോധ പരിശീലന പരിപാടി നവംബർ 22 മുതൽ ആരംഭിക്കും. സ്റ്റുഡന്റസ് ടെക്നോളജിക്കൽ അവേർനെസ്സ്, റിവ്യൂ ആൻഡ് ട്രെയിനിംഗ് (START) എന്നാണ് ഈ പരിപാടി നാമകരണം ചെയ്തിരിക്കുന്നത്.

എല്ലാ കോളേജുകളിലും രാവിലെ യോഗയുൾപ്പടെയുള്ള വ്യായാമ പരിപാടികളിലുടെ ആരംഭിക്കുന്ന പരിശീലന പരിപാടി ഒരാഴ്ചക്കാലം നീണ്ടുനിൽക്കും. വിദ്യാർത്ഥികൾക്ക് അവർ തിരഞ്ഞെടുത്ത പഠന മേഖലയെപ്പറ്റിയുള്ള കൃത്യമായ അവബോധവും ദിശാബോധവും നൽകുകയും, കോഴ്സുകളുടെ ഭാവി സാധ്യതകളെ പറ്റി ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ മുഖ്യലക്ഷ്യം.

പ്രധാനപ്പെട്ട പൊതു സെഷനുകൾ സർവ്വകലാശാല തന്നെ ഓൺലൈനായി നടത്തും. ഈ സെഷനുകളിലുടെ ശാസ്ത്ര, ഗവേഷണ, സാമൂഹ്യ രംഗങ്ങളിലെ വിദഗ്ദർ കുട്ടികളുമായി ഓൺലൈനായി സംവേദിക്കും. ഇതര ക്ലാസുകളും പരിശീലനങ്ങളും കോളേജുകൾ നേരിട്ട് നടത്തും. ഇതിൻ്റെ വിവരങ്ങൾ സർവ്വകലാശാല നടത്തുന്ന കോളേജുകളുടെ അക്കാഡമിക് ആഡിറ്റിങ്ങിൽ വിലയിരുത്തും.

‘സ്ത്രീ ശാക്തീകരണവും വികസനവും’ എന്ന വിഷയത്തിൽ മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജയും ‘യുവത്വത്തിൻ്റെ സുരക്ഷ’ യെപ്പറ്റി ആർ.ശ്രീലേഖ ഐ.പി.എസും (റിട്ട:) സംസാരിക്കും. വി.എസ്.എസ്.സി. ഡയറക്ടർ ഡോ. എസ്. സോമനാഥ് എഞ്ചിനീയറിംഗ് മേഖലയുടെ അനന്ത സാധ്യതകൾ അവതരിപ്പിക്കും.

മനോജ് എബ്രഹാം ഐ.പി.എസ് സൈബർ ലോകത്തിലെ സുരക്ഷയും വെല്ലുവിളികളേയും പറ്റി സംസാരിക്കും. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ പറ്റി ഡോ അരുൺ ബി നായരും (തിരുവനന്തപുരം മെഡിക്കൽ കോളേജ്) സാങ്കേതിക വിദ്യയുടെ ഭാവി ലോകത്തെപ്പറ്റി രാജേഷ് നായരും (ഏൺസ്റ് ആൻഡ് യങ് എൽ എൽ പി) ക്ലാസെടുക്കും. പരിപാടിയുടെ ഉദ്ഘാടനം 23 ന് വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ നിർവ്വഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News