ഡിജിലോക്കർ വഴി സർട്ടിഫിക്കറ്റ് പരിശോധന നടത്തിയ ആദ്യ പി.എസ്.സി.യായി കേരള പി.എസ്.സി

ഡിജിലോക്കർ സംവിധാനം ഉപയോഗിച്ച് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പു വരുത്തി പ്രമാണപരിശോധന നിർവ്വഹിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം പി.എസ്.സി. ആസ്ഥാന ഓഫീസിൽ ചെയർമാൻ അഡ്വ. എം.കെ. സക്കീർ നിർവ്വഹിച്ചു. കമ്മിഷനംഗങ്ങളായ സ്റ്റാനി തോമസ്, ബോണി കുര്യാക്കോസ് മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ഐ.ടി. മിഷൻ ഡയറക്ടർ സ്നേഹിൽകുമാർ സിങ് ഐ.എ.എസ്., കേരള ഐ.ടി. മിഷൻ ടെക്നോളജി ഹെഡ് രാജീവ് പണിക്കർ, അഡീഷണൽ സെക്രട്ടറി വി.ബി. മനുകുമാർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആർ. മനോജ്, അണ്ടർ സെക്രട്ടറി കെ.പി. രമേഷ് കുമാർ എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലയിലെ ഒരു ഉദ്യോഗാർത്ഥിയുടെ സി.ടി.ഇ.ടി (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) സർട്ടിഫിക്കറ്റ് ഡിജിലോക്കർ വഴി അപ്ലോഡ് ചെയ്ത് വെരിഫിക്കേഷൻ നടത്തിയാണ് പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ സ്റ്റേറ്റ് ഇ-ഗവേണൻസ് മിഷൻ ടീം, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് കേരള പി.എസ്.സി.ക്ക് ഡിജിറ്റൽ ലോകത്ത് പുതിയ നാഴികക്കല്ല് സൃഷ്ടിക്കാനായത്.

വിവിധ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ഡോക്യുമെന്റായി ഡിജിലോക്കറിൽ നിക്ഷേപിക്കുകയും ആയത് പരിശോധിക്കുന്ന പി.എസ്.സി. പോലുള്ള ഓഫീസുകൾക്ക് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ വഴി ഡിജിലോക്കർ ഡോക്യുമെന്റുകൾ പരിശോധിക്കുന്നതിനുളള ആധികാരികത ഇന്ത്യയിലാദ്യമായി കേരള പി.എസ്.സി.ക്ക് ലഭിച്ചുകഴിഞ്ഞു.

ആയതിന്റെ ആദ്യപടിയായി ഡിജിറ്റൽ ഡോക്യുമെന്റ്, ഉദ്യോഗാർത്ഥി അസ്സൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകാതെ പരിശോധനാവിഭാഗത്തിന് കാണാനും വെരിഫെ ചെയ്ത് സാക്ഷ്യപ്പെടുത്താനുമുള്ള സൗകര്യമാണ് പി.എസ്.സി.ക്ക് ലഭ്യമായത്.

ഇനിമുതൽ മറ്റ് സ്ഥാപനങ്ങൾ ഡിജിലോക്കർ വഴി ലഭ്യമാക്കുന്ന സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലേക്ക് അപ്ലോഡ് ചെയ്യാൻ കഴിയും. വിവിധ സർക്കാർ വകുപ്പുകൾ പുറപ്പെടുവിക്കുന്ന സർട്ടിഫിക്കറ്റുകൾ ഡിജിലോക്കർ സംവിധാനത്തിലൂടെ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

കേന്ദ്ര ഇലക്ട്രോണിക് ആന്റ് ഐ.ടി. മന്ത്രാലയത്തിന്റെ കീഴിലാണ് ഈ സർക്കാർ സംവിധാനം പ്രവർത്തിച്ചുവരുന്നത്. ഐ.ടി. നിയമത്തിലെ റൂൾ 9 പ്രകാരം ഡിജിലോക്കർ വഴി ലഭ്യമാകുന്ന പ്രമാണങ്ങൾ അസ്സൽ പ്രമാണമായി തന്നെ പരിഗണിക്കാവുന്നതാണ്.

പൊതുജനങ്ങൾ സേവനങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്ന രീതി ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യമാണ് ഇവിടെ നിറവേറുന്നത്. ഡിജിലോക്കർ വഴി പ്രമാണപരിശോധന നടത്തുന്ന ആദ്യ പി.എസ്.സി.യായി കേരള പി.എസ്.സി. മാറുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News