കുറുപ്പിനെതിരെ വ്യാജവാർത്തകൾ; ചിത്രം നാളെ തന്നെ തീയറ്ററുകളിൽ എത്തും

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നാളെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 450ലേറെ തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വേൾഡ് വൈഡ് 1500 തീയറ്ററുകളിലാണ് ചിത്രമെത്തുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്. ഇപ്പോഴിതാ ചിത്രത്തിനെതിരെ ചില വ്യാജവാർത്തകൾ ചാനലുകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ കുറുപ്പിന്റെ റിലീസിൽ മാറ്റം ഒന്നുമുണ്ടാവുകയില്ല, നാളെ തന്നെ ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് കുറുപ്പ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുകയാണ്.

മലയാള സിനിമാ ചരിത്രതാളുകളിൽ പുതിയ അധ്യായം എഴുതി ചേർക്കുവാൻ എത്തുന്ന ചിത്രത്തിനായി വേറിട്ട രീതിയിലാണ് കുറുപ്പ് അണിയറപ്രവർത്തകർ പ്രൊമോഷൻ വർക്കുകൾ നടത്തുന്നത്. മലയാള സിനിമക്ക് തന്നെ അഭിമാനമായി കുറുപ്പിന്റെ ട്രെയ്‌ലർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ഇന്നലെ രാത്രി പ്രദർശിപ്പിച്ചു. ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ മലയാളചലച്ചിത്രമാണ് കുറുപ്പ്.

ബുർജ് ഖലീഫയിൽ ട്രൈലെർ പ്രദർശനം നടന്നപ്പോൾ, ദുൽഖർ, ഭാര്യ അമാൽ, അവരുടെ മകൾ എന്നിവർ അവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിൽ അങ്ങോളമിങ്ങോളം കുറുപ്പ് അന്നൗൺസ്‌മെന്റിനൊപ്പം ‘വാണ്ടഡ്’ പോസ്റ്ററുകളും വിതരണം ചെയ്‌ത്‌ സാധാരണക്കാരിലേക്ക് ചിത്രം എത്തിക്കുവാൻ റോഡ് ഷോയും മറ്റും നടത്തി കുറുപ്പ് ടീം ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ തെരുവീഥികളിൽ നിന്നും ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫ വരെയെത്തിയ പ്രൊമോഷൻ കണ്ടമ്പരന്നിരിക്കുകയാണ് പ്രേക്ഷകരും.

ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്. മികച്ചൊരു തീയറ്റർ അനുഭവം ഉറപ്പ് നല്കിയെത്തിയ ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളുമെല്ലാം ഇതിനകം പ്രേക്ഷകർക്കിടയിൽ തരംഗമായി തീർന്നിട്ടുണ്ട്.

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.

ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക് കുഞ്ഞമ്മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News