വയനാട് ലീഗിൽ തട്ടിപ്പും വെട്ടിപ്പും; നോട്ടീസ്‌ വിതരണം ചെയ്ത് ലീഗ്‌ നേതാക്കൾ

വയനാട്ടിൽ മുസ്ലിം ലീഗ്‌ നേതൃത്വത്തിനെതിരെ ‌ പ്രവർത്തകരുടെ നോട്ടീസ്‌ വിതരണം. ലീഗ്‌ നേതാക്കൾ സൂപ്പർ മാർക്കറ്റ്‌ തുടങ്ങി പ്രവാസികളുടെ പണം തട്ടിയെന്നും നേതാക്കൾ റിയൽ എസ്റ്റേറ്റ്‌ തട്ടിപ്പുകാരാണെന്നും നോട്ടീസിൽ പറയുന്നു. പ്രവാസികളുടെ പ്രളയ സഹായവും നേതാക്കൾ മുക്കിയെന്നും ഇവരെ പുറത്താക്കാതെ സംഘടനയ്ക്ക്‌ നിലനിൽപ്പുണ്ടാവില്ലെന്നും നോട്ടീസുകളിലുണ്ട്‌.

ലീഗ്‌ ജില്ലാ കമ്മറ്റി അംഗങ്ങളെ പേരെടുത്ത്‌ പരാമർശിച്ച്‌ പ്രളയഫണ്ട്‌ തിരിമറിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന്‌ പിന്നാലെയാണ്‌ കൂടുതൽ ആരോപണങ്ങളുമായി പ്രവർത്തകരുടെ നോട്ടീസ്‌ വിതരണം. നേതാക്കളായ സഹോദരങ്ങളെ പരാമർശിച്ചാണ്‌ പല നോട്ടീസുകളും. പ്രവാസികളായ ലീഗ്‌ അണികളെ നേതാക്കൾ വഞ്ചിക്കുന്നതായാണ്‌ പ്രധാന ആരോപണം.

കെ എം സി സി മുഖേന പിരിച്ച ഭവന ധനസഹായത്തിലും നേതാക്കൾ തിരിമറി നടത്തി . കോഴിക്കോടും വയനാടും സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്ന് പറഞ്ഞ്‌ വൻ തുക പിരിച്ച്‌ വഞ്ചിച്ചു. ഫാം തുടങ്ങാനെന്ന പേരിൽ പ്രവാസി നിക്ഷേപകരുടെ പണം വാങ്ങി തട്ടിപ്പ്‌ നടത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ്‌ നോട്ടീസുകളിലുള്ളത്‌.

അഴിമതികളിൽ പരാതി പറയുന്നവരെ അപമാനിച്ച്‌ ഇറക്കിവിടുകയാണ്‌ നേതൃത്വമെന്നും സമുദായത്തേയും പ്രസ്ഥാനത്തേയും കരുവാക്കുന്ന ഇവരെ തിരിച്ചറിയണമെന്നും നോട്ടീസിലുണ്ട്‌. ജില്ലാ കമ്മറ്റി അംഗം സി മമ്മി നേരത്തേയുന്നയിച്ച പരാതിക്ക്‌ പിന്നാലെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ്‌ ചെയ്തെങ്കിലും ആരോപണമുയർത്തിയ വിവാദങ്ങൾ അടങ്ങിയിട്ടില്ല.

കടുത്ത ഭിന്നത തുടരുന്ന ലീഗിൽ അത്‌ പരസ്യ പ്രതികരണങ്ങൾക്ക്‌ കാരണമാവുകയാണ്‌‌.പ്രളയ ഫണ്ടിൽ വ്യക്തത വരുത്തണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടതോടെ പതിനഞ്ചിന്‌ യോഗം വിളിച്ചിട്ടുണ്ട്‌ നേതൃത്വം.

അതേ സമയം കൂടുതൽ ആരോപണങ്ങൾ കൂടി ഉയർന്നതോടെ മറുപടിപറയേണ്ട സാഹചര്യമാണ്‌ നേതൃത്വത്തിനെങ്കിലും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.അഴിമതി ആരോപണം നേരിടുന്നവർക്കെതിരെ നടപടിയാവശ്യവും ലീഗിനുള്ളിൽ ശക്തമാവുകയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News