കോഹ്ലിയും, രോഹിതുമില്ല; ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ രഹാന ഇന്ത്യയെ നയിക്കുമെന്ന് സൂചന

ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ അജിങ്ക്യ രഹാന ഇന്ത്യൻ ടീമിനെ നയിക്കുകയന്ന് സൂചന.

ടെസ്റ്റ് ടീമിന്റെ നായകനായ വിരാട് കോഹ്ലി വിശ്രമമെടുക്കുന്നതിന്റെ ഭാഗമായി ഈ മത്സരത്തിൽ നിന്ന് വിട്ടു നിന്നേക്കുമെന്നതാണ് രഹാനെയിലേക്ക് ക്യാപ്റ്റൻസിയെത്താനുള്ള സാധ്യത ഉയർത്തിയത്. ടീമിന്റെ മറ്റൊരു സീനിയർ താരമായ രോഹിത് ശർമ്മ ടെസ്റ്റ് പരമ്പരയിൽ നിന്ന് പൂർണമായുംവിട്ടു നിൽക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിൽ വിരാട് കോഹ്ലിയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകൻ, അജിങ്ക്യ രഹാനെ ഉപനായകനും. എന്നാൽ കോഹ്ലിയിൽ നിന്ന് ടി20 ടീമിന്റെ നായകസ്ഥാനമേറ്റെടുത്ത രോഹിത്, രഹാനെയെ മറികടന്ന് ടെസ്റ്റ് ടീമിന്റെ ഉപനായകനായും മാറിയേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു‌. ഇങ്ങനെയാണെങ്കിൽ രോഹിത് ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിന്ന് രോഹിത് പൂർണമായി വിട്ടു നിന്നേക്കുമെന്നതിനാൽ രഹാനെയുടെ ഉപനായക സ്ഥാനം തൽക്കാലം അങ്ങനെ തന്നെ നിലനിൽക്കും.

അതേസമയം, വിശ്രമത്തെത്തുടർന്ന് ആദ്യ ടെസ്റ്റിൽ നിന്ന്‌ വിട്ടു നിൽക്കുന്ന കോഹ്ലി, രണ്ടാം ടെസ്റ്റിൽ ടീമിലേക്ക് തിരിച്ചെത്തുമെന്നും രഹാനെയിൽ നിന്ന് നായക സ്ഥാനം ഏറ്റെടുക്കുമെന്നുമാണ്‌ റിപ്പോർട്ട്. നവംബർ 25 മുതൽ 29 വരെ കാൺപൂരിലാണ് ഇന്ത്യയും, ന്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഡിസംബർ മൂന്ന് മുതൽ ഏഴ് വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയം രണ്ടാം മത്സരത്തിന് വേദിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel