കുഞ്ഞിക്ക വേറെ ലെവല്‍..! തീയേറ്ററുകള്‍ കീഴടക്കി കുറുപ്പ്; ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണം

പ്രേക്ഷകര്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന കുറുപ്പിന്റെ ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണം. ആദ്യ ഷോ തന്നെ കാഴ്ചക്കാരുടെ മനസ്സുനിറച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊവിഡിന്റെ ആഘാതത്തില്‍ നിന്ന് സിനിമാ മേഖലകരകയറിയതിന്റെ ആഹ്ലാദംകൂടി കുറുപ്പിലൂടെ  പ്രേക്ഷകര്‍ പങ്കുവയ്ക്കുകയാണ്.

അടിപൊളി പടം…, ഒന്നും പറയാനില്ല പൊളി…, പക്കാ എന്‍റര്‍ടെയ്ന്‍മെന്‍റ്… പ്രേക്ഷകരുടെ ആദ്യപ്രതികരണം ഇങ്ങനെയാണ്. കുഞ്ഞിക്ക വേറെ ലെവല്‍… എന്നും കുറുപ്പ് കണ്ട് പ്രേക്ഷകര്‍ പറയുന്നു…

കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പായി മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും ദുല്‍ഖര്‍ തന്നെയാണ്.

വേള്‍ഡ് വൈഡ് 1500 തീയറ്ററുകളിലാണ് ചിത്രമെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിത്തീര്‍ന്നിരിക്കുകയാണ് കുറുപ്പ്.

മലയാള സിനിമാ ചരിത്രതാളുകളില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കുവാന്‍ എത്തുന്ന ചിത്രത്തിനായി വേറിട്ട രീതിയിലാണ് കുറുപ്പ് അണിയറപ്രവര്‍ത്തകര്‍ പ്രൊമോഷന്‍ വര്‍ക്കുകള്‍ നടത്തുന്നത്. മലയാള സിനിമക്ക് തന്നെ അഭിമാനമായി കുറുപ്പിന്റെ ട്രെയ്ലര്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ മലയാളചലച്ചിത്രമാണ് കുറുപ്പ്.

ബുര്‍ജ് ഖലീഫയില്‍ ട്രൈലെര്‍ പ്രദര്‍ശനം നടന്നപ്പോള്‍, ദുല്‍ഖര്‍, ഭാര്യ അമാല്‍, അവരുടെ മകള്‍ എന്നിവര്‍ അവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേരളത്തില്‍ അങ്ങോളമിങ്ങോളം കുറുപ്പ് അന്നൗണ്‍സ്മെന്റിനൊപ്പം ‘വാണ്ടഡ്’ പോസ്റ്ററുകളും വിതരണം ചെയ്ത് സാധാരണക്കാരിലേക്ക് ചിത്രം എത്തിക്കുവാന്‍ റോഡ് ഷോയും മറ്റും നടത്തി കുറുപ്പ് ടീം ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ തെരുവീഥികളില്‍ നിന്നും ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫ വരെയെത്തിയ പ്രൊമോഷന്‍ കണ്ടമ്പരന്നിരിക്കുകയാണ് പ്രേക്ഷകരും.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോള്‍ വിജയം കുറിച്ചിരിക്കുകയാണ്. മികച്ചൊരു തീയറ്റര്‍ അനുഭവം ഉറപ്പ് നല്കിയെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം ഇതിനകം പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി തീര്‍ന്നിട്ടുണ്ട്.

പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ വിഘ്നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്, സ്റ്റില്‍സ് ഷുഹൈബ് എസ്ബികെ, പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍ & എസ്തെറ്റിക് കുഞ്ഞമ്മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News