പ്രേക്ഷകരുടെ മനം നിറച്ച് തീയേറ്ററുകളില്‍ നിറഞ്ഞാടി ‘കുറുപ്പ്’: റിവ്യൂ 

37 വര്‍ഷങ്ങളായി മലയാളികളുടെ മനസ്സില്‍ നിഗൂഢതയുടെ പര്യായമായി മാറിയ പിടികിട്ടാപ്പുള്ളിയായിരുന്നു കുറുപ്പ്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നു പോലും തീര്‍ച്ചയില്ലാത്ത കുറുപ്പ് ബാക്കിവയ്ക്കുന്ന സംശയങ്ങള്‍ ഏറെയാണ്. ആ സംശയങ്ങളുടെയും നിഗൂഢതകളുടെയും വഴിയെ ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ എന്ന രീതിയിലാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയുടെ കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനാവുന്ന കുറുപ്പും ഈ തിരോധാനത്തിന്റെ സത്യാവസ്ഥ തേടുന്ന ഡി.വൈ.എസ്.പി കൃഷ്ണദാസുമാണ് കഥയെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകങ്ങള്‍.

ഒളിവുജീവിതം നയിക്കുന്ന കുറുപ്പിനേക്കുറിച്ചുള്ള അന്വേഷണോദ്യോഗസ്ഥന്റെ നിഗമനങ്ങളാണ് ചിത്രത്തിലെ യഥാര്‍ത്ഥ ത്രില്ലര്‍ ഘടകം. യഥാര്‍ത്ഥ സംഭവകഥ എന്നത് മാത്രമല്ല, എല്ലാവര്‍ക്കും അറിയുന്ന വ്യക്തിയും കഥയും എന്നതായിരിക്കാം സംവിധായകനും എഴുത്തുകാരനും നേരിട്ടിരുന്ന പ്രധാനവെല്ലുവിളി. ഒരുപക്ഷേ പ്രേക്ഷകനും. പക്ഷേ ആ ആശങ്കകളെയെല്ലാം കൃത്യമായ ചടുലതയോടെ കുറുപ്പ് മറി കടക്കുന്നുണ്ട്.

ഒരുപാട് കഥകളും ഉപകഥകളും സംശയങ്ങളുമൊക്കെ അവശേഷിക്കുന്ന വിശാലമായ പ്ലോട്ടാണ് സുകുമാരക്കുറുപ്പ് എന്ന പിടിക്കിട്ടാപ്പുള്ളിയെ ചുറ്റിപ്പറ്റിയുള്ളത്. ആ കഥകള്‍ക്കും കേരള പൊലീസ് കണ്ടെത്തിയ തെളിവുകള്‍ക്കും അകത്തു നിന്ന് തന്നെയാണ് ‘കുറുപ്പി’ന്റെയും യാത്ര.

എല്ലാവര്‍ക്കും പരിചിതമായ ഒരു കഥ സിനിമയാക്കുമ്പോള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നതാണ് അണിയറപ്രവര്‍ത്തകര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളി. കഥ പറയുന്ന രീതി കൊണ്ടാണ് സംവിധായകന്‍ ഇവിടെ ആ വെല്ലുവിളിയെ മറികടന്നിരിക്കുന്നത്. പക്ക ഡോക്യുമെന്ററിയായി പോകാതെ ചിത്രത്തിനൊരു സിനിമാറ്റിക് അനുഭവം സമ്മാനിക്കാന്‍ ഈ കഥ പറച്ചില്‍ രീതിയ്ക്ക് കഴിയുന്നുണ്ട്.

കുറുപ്പിന്റെ സുഹൃത്ത് പീറ്റർ, ശാരദ എന്നിവരുടെഓര്‍മകളിലൂടെയാണ് ആദ്യ പകുതി സഞ്ചരിക്കുന്നത്. വിവിധ കഥാപാത്രങ്ങളുടെ ആംഗിളിൽ അവർക്ക് ആരായിരുന്നു കുറുപ്പ് എന്നാണ് ആദ്യപകുതി യിൽ പറയുന്നത്. കുറുപ്പിന്റെ വ്യക്തിജീവിതം പറഞ്ഞുകൊണ്ട് അതിന്റെ തുടർച്ചയെന്നോണം ആണ്  ക്രൈം എന്ന ഘടകത്തിലേക്ക് ചിത്രം എത്തുന്നത്. പതിഞ്ഞ താളത്തിൽ മുന്നോട്ടു പോകുന്ന ചിത്രം കൂടുതൽ ചടുലമാവുന്നതും ഈ അവസരത്തിൽത്തന്നെ.

ചാക്കോയുടെ വരവോടെ രണ്ടാം പകുതിയിലാണ് ചിത്രം പൂര്‍ണമായും ത്രില്ലര്‍ എന്ന രീതിയിലേക്ക് മാറുന്നത്. ഡി.വൈ.എസ്.പി കൃഷ്ണദാസിന്റെ കുറ്റാന്വേഷണ രീതികളും കുറുപ്പിന്റെ ഒളിച്ചോട്ടരീതികളുമാണ് ചിത്രത്തെ ഉദ്വേഗജനകമാവുന്നത്. ആദ്യ പകുതിയിലെന്ന പോലെ രണ്ടാംപകുതിയിലും കുറുപ്പിന്റെ വ്യത്യസ്ത രൂപഭാവങ്ങള്‍. കുറുപ്പായി ദുല്‍ഖര്‍ അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞാടുകയാണ് എന്ന് പറയാം.

സര്‍വീസിന്റെ നല്ലൊരു പങ്കും കുറുപ്പ് കേസിനു പിന്നാലെ ഓടിയ കൃഷ്ണദാസ് എന്ന പൊലീസ് ഓഫീസറുടെ വിരമിക്കല്‍ പാര്‍ട്ടിയില്‍ നിന്നുമാണ് ‘കുറുപ്പി’ന്റെ കഥ സംവിധായകന്‍ പറഞ്ഞു തുടങ്ങുന്നത്. ഫ്‌ളാഷ്ബാക്കുകളിലൂടെയും ഡയറിക്കുറിപ്പുകളിലൂടെയും പല കാലങ്ങളിലായി, പല കഥാപാത്രങ്ങളുടെ വീക്ഷണ കോണുകളില്‍ നിന്നുമൊക്കെ കുറുപ്പിനെ അനാവരണം ചെയ്‌തെടുക്കുകയാണ്. ഓരോരുത്തര്‍ക്കും ആരായിരുന്നു കുറുപ്പ് എന്ന് പറഞ്ഞു വയ്ക്കുമ്പോള്‍ ‘എന്തായിരുന്നു കുറുപ്പ്? അയാള്‍ക്കുള്ളിലെ ക്രിമിനല്‍ വളര്‍ന്നതെങ്ങനെ?’ എന്നതിനുള്ള ഉത്തരം പ്രേക്ഷകനും ലഭിക്കും.

സാഹസികതയോട് താല്‍പ്പര്യമുള്ള, ഉള്ളിന്റെയുള്ളില്‍ ജന്മനാ തന്നെ സഹജമായ ക്രിമിനല്‍ വാസനയുള്ള കുറുപ്പിനെ കയ്യടക്കത്തോടെ തന്നെ ദുല്‍ഖര്‍ അവതരിപ്പിച്ചിട്ടുണ്ട്. കൃഷ്ണദാസ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഇന്ദ്രജിത്തും പിള്ളയായെത്തുന്ന ഷൈന്‍ ടോം ചാക്കോയുമാണ് പ്രകടനം കൊണ്ട് ശ്രദ്ധ കവരുന്ന മറ്റു രണ്ടു പേര്‍.

‘മൂത്തോന്‍’ എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് ചിത്രത്തില്‍ കുറുപ്പിന്റെ ഭാര്യയായി എത്തുന്നത്. കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന പ്രകടനമാണ് ശോഭിത കാഴ്ചവയ്ക്കുന്നത്. വിജയരാഘവന്‍, സണ്ണി വെയ്ന്‍, സുരഭി ലക്ഷ്മി, ബാലചന്ദ്രന്‍, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

കേരളം ഇന്നും ചര്‍ച്ച ചെയ്യുന്ന സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ നിറഞ്ഞാടുകയാണ് ചിത്രത്തില്‍. ഒരുപക്ഷേ മലയാള സിനിമയില്‍ അടുത്തകാലത്തൊന്നും ഇത്രയും വ്യത്യസ്തത നിറഞ്ഞ ഒന്നിലേറെ ഗെറ്റപ്പുകളില്‍ ഒരുതാരം എത്തിയിട്ടുണ്ടാവില്ല. കുറുപ്പിന്റെ കറുപ്പും വെളുപ്പും നിറഞ്ഞ വിഭിന്ന മാനസികനിലകളെ വിജയകരമായിത്തന്നെ ദുല്‍ഖര്‍ അവതരിപ്പിച്ചിട്ടുണ്ട്.

കോംപ്രമൈസ് ഇല്ലാത്ത നിര്‍മാണമികവ്, ടെക്‌നിക്കല്‍ കാര്യങ്ങളിലെ പെര്‍ഫെക്ഷന്‍, സിനിമോട്ടോഗ്രാഫിയുടെയും പശ്ചാത്തലസംഗീതത്തിന്റെയും മികവ്, അഭിനേതാക്കളുടെ മികവാര്‍ന്ന പ്രകടനം ഇവയെല്ലാം കൊണ്ടു തന്നെ നല്ലൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കാന്‍ കുറുപ്പിനാവുന്നുണ്ട്.

കൊവിഡ് കാലമുണ്ടാക്കിയ നഷ്ടം നികത്താനെന്നോണമാണ് കുറുപ്പ് തിയേറ്ററുകളിലേക്കെത്തിയത്. തകര്‍ന്നുപോയ മലയാള സിനിമയ്ക്ക് പിടിച്ചുകയറാനുള്ള കരുത്തുമായാണ് കുറുപ്പിന്റെ വരവെന്ന് നിസ്സംശയം പറയാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News