ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി എം.എ ലത്തീഫ്

കെപിസിസി മുന്‍ സെക്രട്ടറിയും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ എംഎ ലത്തീഫിനെ പാര്‍ട്ടിയില്‍ നിന്ന് കെ.സുധാകരന്‍ സസ്‌പെന്‍ഡ് ചെയ്തു.

തുടര്‍ച്ചയായ അച്ചടക്ക ലംഘനത്തിനാണ് പാര്‍ട്ടി നടപടിയെന്ന് കെ.സുധാകരന്‍ പറഞ്ഞു.

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും നടപടി സംഘടനാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനെന്നും എംഎ ലത്തീഫ് വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടിയായിരുന്നു എം.എ ലത്തീഫിന്റെ പ്രതികരണം.

തലസ്ഥാനത്തെ എ വിഭാഗത്തിന്റെ കരുത്തനായ നേതാവാണ് എം.എ. ലത്തീഫ്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ എ വിഭാഗം രണ്ടു മണ്ഡലങ്ങളില്‍ ലത്തീഫിന്റെ് പേര് മന്നോട്ടുവച്ചിരുന്നു. പക്ഷെ പരിഗണിച്ചില്ല.

അവസാനം കെപിസിസി ഭാരവാഹിപ്പട്ടികയിലും ലത്തീഫ് തഴയപ്പെട്ടു. ഈ അസ്വാരസ്യങ്ങള്‍ക്കിടയിലാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ലത്തീഫിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്തൂ, പ്രതിപക്ഷനേതാവിന്റെ പരിപാടി പൊളിക്കാന്‍ ശ്രമിച്ചൂ തുടങ്ങിയവയാണ് കുറ്റങ്ങള്‍.

മാധ്യമങ്ങളിലൂടെയാണ് വിവരം അറിയുന്നതെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും പ്രതികരിച്ച ലത്തീഫ് നടപടി സംഘടനാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആണെന്നും പ്രതികരിച്ചു.

കെ. എസ്.യു കാലം മുതല്‍ 40 വര്‍ഷമായി പാര്‍ട്ടിക്കായി ജീവിതം ഉഴിഞ്ഞുവെച്ച തനിക്കെതിരെയുള്ള നടപടി ദുരുദ്ദേശപരമെന്ന് പറഞ്ഞ ലത്തീഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.

അതേസമയം തുടര്‍ച്ചയായ അച്ചടക്ക ലംഘനത്തിനാണ് പാര്‍ട്ടി നടപടിയെന്നാണ് സുധാകരന്റെ വിശദീകരണം.

സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ചാണ്ടിയുടെ അടുത്ത അനുയായിയായ പ്രമുഖ നേതാവിനെതിരെയുള്ള നടപടിയില്‍ എ വിഭാഗം ഞെട്ടലില്‍ ആണ്. സംഘടന തെഞ്ഞെടുപ്പില്‍ സുധാകരന് തലസ്ഥാനത്ത് ലത്തീഫ് വെല്ലുവിളിയാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് എ വിഭാഗത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ സുധാകരന്റെ ഏകപക്ഷീയ നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന് ഒരുങ്ങുകയാണ് എ വിഭാഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News