37 വര്‍ഷങ്ങളായി മലയാളികളുടെ മനസ്സില്‍ നിഗൂഢതയുടെ പര്യായമായി മാറിയ പിടികിട്ടാപ്പുള്ളിയായിരുന്നു കുറുപ്പ്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നു പോലും തീര്‍ച്ചയില്ലാത്ത കുറുപ്പ് ബാക്കിവയ്ക്കുന്ന സംശയങ്ങള്‍ ഏറെയാണ്. ആ സംശയങ്ങളുടെയും നിഗൂഢതകളുടെയും വഴിയെ ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തീയറ്ററുകളിലെത്തി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് ദുല്‍ഖര്‍. ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലാണ് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ദുല്‍ഖര്‍ നന്ദി അറിയിച്ചത്.
‘നിങ്ങള്‍ ഓരോരുത്തരുടെയും സ്‌നേഹത്തിന് നന്ദി! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്, പ്രതികരണങ്ങള്‍ക്ക് എല്ലാം നന്ദി. സിനിമകള്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിയതിന്റെ ആഘോഷവും ആവേശവുമാണ് ഇപ്പോള്‍. എന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്.
കുറുപ്പിന്റെ ഓരോ അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ സ്‌നേഹവും സിനിമയോടുള്ള പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രകടമായത്. നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനമാണ് സിനിമയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത്.
ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ‘കുറുപ്പി’നെ എത്തിച്ച എല്ലാ നല്ലവരായ വിതരണക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. കുറുപ്പിനെ സ്‌നേഹിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി,’ ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കൊവിഡിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ സൂപ്പർ താര ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രത്തിൽ കുറുപ്പായി എത്തുന്ന ദുൽഖർ ആരാധകരെ കീഴടക്കി കഴിഞ്ഞു.
മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന സുകുമാര കുറുപ്പിനെ തിരശീലയിൽ കണ്ടതോടെ നിറഞ്ഞ കയ്യടി. കുറുപ്പായി ദുൽഖർ സൽമാൻ വേഷപ്പകർച്ചയാടിയപ്പോൾ ആരാധകർ കരഘോഷം മുഴക്കി. പിന്നെ ആവേശവും ആരവങ്ങളും. സിനിമ കണ്ടിറങ്ങിയവരുടെ വാക്കുകളിൽ ആഹ്ലാദം അലതല്ലി.
രാവിലെ 7 മണി മുതൽ തന്നെ തിയെറ്ററുകളിൽ ആരാധകർ എത്തിയിരുന്നു. ചെണ്ടമേളവും നൃത്തച്ചുവടുകളുമായി കുറുപ്പ് റിലീസ് അവർ ആഘോഷമാക്കി. കോവിഡിനെ തുടർന്ന് ആദ്യമായാണ് തിയേറ്ററുകളിൽ ഇത്രയധികം പ്രേക്ഷകർ ഒഴുകി എത്തുന്നത്. ഇതോടെ ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസായി കുറുപ്പ് മാറിക്കഴിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.