
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി രാജസ്ഥാൻ. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സച്ചിൻ പൈലറ്റ് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി. അതേസമയം പുതിയതായി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സച്ചിൻ പൈലറ്റ് നിർദ്ദേശിച്ച പേരുകളുടെ കാര്യത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും താൽപ്പര്യക്കുറവ് പ്രകടിപ്പിച്ചു.
18 എംഎൽഎമാരുമായി കോൺഗ്രസ് വിട്ട് സച്ചിൻ പൈലറ്റ് 2020 ന് ശേഷം ഇതാദ്യമായാണ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ ഉടനീളം ചർച്ച ചെയ്തത് രാജസ്ഥാൻ മന്ത്രിസഭ പുന:സംഘടന ആണ്.
മന്ത്രിസഭ വിപുലീകരിക്കുമ്പോൾ താൻ നിർദ്ദേശിക്കുന്ന പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടാകുമെന്ന് ഉറപ്പുവരുത്താൻ ഹൈക്കമാൻഡുമായും സച്ചിൻ പൈലറ്റ് കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ പുന:സംഘടിപ്പിക്കുമ്പോൾ ഒഴിവുവരുന്ന സീറ്റുകൾ ലക്ഷ്യം വെച്ചാണ് സച്ചിൻ പൈലറ്റിൻ്റെ നീക്കം.
ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡമാണ് സച്ചിൻ പൈലറ്റിൻ്റെ താൽപ്പര്യപ്രകാരം കേന്ദ്രനേതൃത്വം മുന്നോട്ടുവയ്ക്കുന്നത് എങ്കിൽ 9 ഒഴിവുകൾ ആകും പുന:സംഘടനയിൽ രാജസ്ഥാൻ മന്ത്രിസഭയിൽ ഉണ്ടാകുക. ഡിസംബർ 17ന് അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭ മൂന്നു വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്കുവേണ്ടി അധ്വാനിക്കുന്ന പ്രവർത്തകർക്ക് അർഹിക്കുന്ന സ്ഥാനം നൽകണമെന്ന് ആവശ്യം മുന്നോട്ടുവച്ചത് സച്ചിൻ പൈലറ്റ് ആണ്.
കഴിഞ്ഞ വ്യാഴാഴ്ച സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉപമുഖ്യമന്ത്രിസ്ഥാനം സച്ചിൻ പൈലറ്റിന് തിരികെ നൽകില്ല എന്ന് അറിയിച്ചതായാണ് സൂചന. അങ്ങനെയെങ്കിൽ പാർട്ടിയുമായി ബന്ധപ്പെട്ട ഒരു പ്രധാന സ്ഥാനം ദില്ലിയിൽ നൽകിയാകും ഹൈക്കമാൻഡ് സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കുക.
സച്ചിൻ പൈലറ്റ് നിർദ്ദേശിക്കുന്ന പേരുകളും മന്ത്രിസഭാ വിപുലീകരണത്തിൽ അശോക് ഗെഹ്ലോട്ടിന് സ്വീകാര്യമല്ല. പഞ്ചാബിന് പിന്നാലെ രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടനയും എഐസിസി നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്ന അവസ്ഥയിലാണുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here