സാമ്പത്തിക തട്ടിപ്പ് കേസ്; മോന്‍സന്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്. മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി ഉള്‍പ്പടെ മൂന്ന് പേരെ പ്രതിചേര്‍ത്താണ് അന്വേഷണം. ക്രൈംബ്രാഞ്ച് എടുത്ത കേസുകളുടെ വിവവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് ഇഡി അന്വേഷണ സംഘത്തിന് കത്ത് നല്‍കി.

മോന്‍സന്‍ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മൂന്ന് പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡി പുരാവസ്തു തട്ടിപ്പില്‍ കേസെടുത്തിരിക്കുന്നത്. മോന്‍സന് പുറമെ മുന്‍ ഡ്രൈവര്‍ അജി, മോന്‍സന്റെ മേക്കപ്പ്മാനായിരുന്ന ജോഷി അടക്കമുള്ളവര്‍ക്കെതിരായാണ് അന്വേഷണം. പുരാവസ്തുക്കളുടെ മറവില്‍ നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വഷിക്കുന്നത്.

പുരാവസ്തുക്കള്‍ വാങ്ങാനും വില്‍പ്പനയ്ക്കുമായി കോടികള്‍ ചെലവഴിച്ചതായി വിവിധ പരാതികളിലുണ്ട്. ഒക്ടോബര്‍ 3 വരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എല്ലാ സാമ്പത്തിക തട്ടിപ്പ് പരാതികളും അന്വേഷിക്കാനാണ് ഇഡി തീരുമാനം. അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ ക്രൈംബ്രാഞ്ചിന് ഇഡി കത്ത് നല്‍കി.

വിവിധ സംസ്ഥാനങ്ങളിലുള്ളവരും മോന്‍സന്റെ തട്ടിപ്പിനിരയായിട്ടുണ്ട്. ഇവരെയെല്ലാം വിളിച്ചുവരുത്തി മൊഴിയെടുക്കാനും ഇ ഡി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ജയിലില്‍ കഴിയുന്ന മോന്‍സനെയും ജോഷിയെയും ചോദ്യം ചെയ്യാനുള്ള നീക്കവും ഇ ഡി ആരംഭിച്ചിട്ടുണ്ട്.

മോന്‍സന്റെ കൈവശമുണ്ടായിരുന്ന പുരാവസ്തു ഇടപാടില്‍ ദുരൂഹത സംശയിച്ച് മുന്‍ ഡി ജി പി ലോക് നാഥ് ബെഹറ അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഇ ഡി യ്ക്ക് കത്തയച്ചിരുന്നു.

മോന്‍സന്‍ കേസില്‍ ഇടപെട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം ഇ ഡിയെ കക്ഷി ചേര്‍ക്കാനും അനുമതി നല്‍കിയിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് മോന്‍സനെതിരെ ഇ ഡി കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News