അഖിലയുടെ മാസ്മരിക ആലാപനത്തിന് ആര്യയുടെ ചുവടുകള്‍; വിസ്മയം തീര്‍ത്ത് ‘ജഗദോദ്ധാരണ’ 

സംഗീത പിതാമഹന്‍ പുരന്ദരദാസരുടെ ആരെയും കര്‍ണാടകസംഗീതത്തിന്‍റെ വിസ്മയ ലോകത്തെത്തിക്കുന്ന സൃഷ്ടിയാണ് കാപ്പി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘ജഗദോദ്ധാരണ’. ഇപ്പോള്‍ ‘ജഗദോദ്ധാരണ’ കൃതിയുടെ സംഗീത–നൃത്താവിഷ്കാര വീഡിയോയുമായി എത്തിയിരിക്കുകയാണ് ഗായിക അഖില ആനന്ദ്. അഖിലയുടെ മാസ്മരിക ആലാപനത്തിന് ചുവടുകള്‍ വെച്ച് ഡോ. ആര്യയും എത്തുന്നു.

പാട്ടിന് അകമ്പടിയായുള്ള നൃത്താവിഷ്കാരം ആസ്വാദകർക്കു പുത്തൻ അനുഭവം സമ്മാനിക്കുകയാണ്.

ചലച്ചിത്ര ഗാനങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അഖില. ഒട്ടേറെ ഗാനങ്ങളുടെ കവര്‍ വേര്‍ഷനുമായി അഖില മുന്‍പ് തരംഗമായിട്ടുണ്ട്. വര്‍ഷങ്ങളായി മലയാളികള്‍ക്ക് ഏറെ അടുപ്പമുള്ള ശബ്ദം കൂടിയാണ്. ചലച്ചിത്ര ഗാനങ്ങളിലൂടെ അഖിലയെ നമുക്കേവര്‍ക്കുമറിയാം.

ആര്യ വര്‍ഷങ്ങളായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരകയായിരുന്നു. പിന്നീട് പഠനവുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ മേഖലയില്‍ നിന്ന് അകന്നു.  എംബിബിഎസ് നേടി  ഡോക്ടര്‍ ആര്യയായി മാറി. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ആര്യയെ സ്ക്രീനില്‍ കാണാന്‍ ക‍ഴിയുന്നുവെന്ന കൗതുകം കൂടി ഈ ഗാനാവിഷ്കാരത്തിനുണ്ട്.

‘ജഗദോദ്ധാരണ’ അറേഞ്ച് ചെയ്തതും മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചതും സംഗീതസംവിധായകനും ഗായകനുമായ ഇഷാൻ ദേവ് ആണ്. ജസ്റ്റിൻ വയലിനിലും അലക്സ് മാത്യു ഗിറ്റാറിലും ഈണമൊരുക്കി. ഉസ്താദ് മഹേഷ് മണി മൃദംഗം വായിച്ചു.

മികച്ച ദൃശ്യഭംഗികൂടി സമ്മാനിച്ചാണ് ‘ജഗദോദ്ധാരണ’ പ്രേക്ഷകർക്കരികിലെത്തിയത്. അഖിലയുടെ ഹൃദ്യമായ ആലാപനവും ആര്യയുടെ ചടുലമായ ചുവടുകളും വിഡിയോയെ മറ്റൊരു തലത്തിലെത്തിക്കുന്നു എന്നാണ് ആസ്വാദകപക്ഷം.

നിരവധി പേർ ഈ സംഗീത–നൃത്താവിഷ്കാര വീഡിയോ പങ്കുവയ്ക്കുകയുമുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here