രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം; കര്‍ഷകര്‍ക്ക് മുകളില്‍ പഴി ചാരി രക്ഷപ്പെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തില്‍ ഇടപെട്ട് സുപ്രീം കോടതി. കര്‍ഷകര്‍ക്ക് മുകളില്‍ പഴി ചാരി രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ദില്ലി സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. മലിനീകരണം നിയന്ത്രിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് കേന്ദ്രം വ്യക്തമാക്കണം എന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

രാജ്യ തലസ്ഥാനമായ ദില്ലിയില്‍ അന്തരീക്ഷ മലിനീകരണ തോത് ഉയരുന്നതില്‍ കടുത്ത ആശങ്കയാണ് സുപ്രീം കോടതി പ്രകടിപ്പിച്ചത്. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യത്തെ പോലും മലിനീകരണം ബാധിക്കുന്നതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിഷയം രാഷ്ട്രീയവല്‍കരിക്കരുത് എന്ന് കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയ കോടതി ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടപടി വേണം എന്നും ആവശ്യപ്പെട്ടു. അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ദില്ലി സര്ക്കാര് കോടതിയില്‍ ഉന്നയിച്ചപ്പോള്‍ അതൊരു പ്രശ്‌നമാകാം പക്ഷേ കാരണം ആവില്ല എന്ന് കോടതി തിരുത്തി.

കര്‍ഷകരെ കുറ്റം പറയുന്നത് ഫാഷനായെന്നും, പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിട്ട് എന്ത് സംഭവിച്ചുവെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. വൈക്കോല്‍ കത്തിക്കുന്ന യന്ത്രം ലഭിക്കുമെങ്കില്‍ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ അവ ലഭ്യമാക്കി കൂടെ എന്നും കോടതി ചോദിച്ചു. 2 ലക്ഷം രൂപ എന്നത് സാധാരണ കര്‍ഷകന് താങ്ങാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. മലിനീകരണ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടി തിങ്കളാഴ്ച്ച അറിയിക്കണമെന്നും ദില്ലി സര്‍ക്കാരിനും നിര്‍ദേശം നല്‍കി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News