ഗാനഗന്ധര്‍വന്റെ സംഗീത ജീവിതത്തിന് ഇന്ന് 60-ാം പിറന്നാള്‍

മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്റെ ശബ്ദം മലയാളികള്‍ക്ക് മധുരസംഗീതമായി കാതുകളിലെത്താന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 60 വര്‍ഷം.1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ചലച്ചിത്ര ഗാനം റെക്കോര്‍ഡ് ചെയ്യുന്നത്. കെ എസ് ആന്റണിയുടെ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയില്‍ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടിയായിരുന്നു തുടക്കം

യേശുദാസിന്റെ ഗാനം കേള്‍ക്കാതെ മലയാളികളുടെ ഒരു ദിവസം പോലും കടന്നു പോകില്ല. ഒരു ഗായകനെന്ന നിലയില്‍ യേശുദാസിനെ പ്രശസ്തനാക്കിയത് എംഎസ് ബാബുരാജിന്റെ താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍ എന്ന ഗാനമാണ്. ഭാസ്‌കരന്‍ മാഷ് എഴുതി ബാബുക്ക ഗസലുപോലെ മനോഹരമായി ചിട്ടപ്പെടുത്തിയ ഈ ഗാനത്തോടെ ആത്മാവിനെത്തൊടുന്ന നിരവധി ഗാനങ്ങള്‍ പിറക്കുകയായിരുന്നു ഈ കൂട്ടുകെട്ടില്‍

ക്ലാസിക്സ് എന്ന തലക്കെട്ടില്‍ മലയാളികള്‍ പാടിനടക്കുന്ന പാട്ടുകളിലേറെയും യേശുദാസ് – രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതസൗഹൃദത്തില്‍ ഒരു കാലത്തിന്റെയും ഒരുപാട് ജീവിതങ്ങളുടെ ചരിത്രരേഖയായി മാറി

തേന്‍പുരട്ടിയ പ്രണയവും ജീവിതത്തിലെ ഏകാന്തതയുടെ പ്രണയഭംഗവും പാതിരാമഴപോലെ മലയാളിയുടെ ഉള്ളില്‍ പെയ്തിറങ്ങിയത് യേശുദാസ് എന്ന ഗാനഗന്ധവര്‍വന്റെ കണ്ഠത്തിലൂടെയാണ്..

ഔസേപ്പച്ചന്റെ സംഗീതത്തിലൂടെ യേശുദാസ് ആസ്വാദകരിലേക്ക് പകര്‍ന്നു നല്‍കിയത് സുഗന്ധതീരത്തെ തളിര്‍വാടിയില്‍ നിറഞ്ഞ വസന്തരാഗങ്ങളായിരുന്നു.

തമിഴ് സിനിമാ രംഗത്തും ഹിന്ദി ചലച്ചിത്ര വേദിയിലും കുറെ നല്ല ഗാനങ്ങള്‍ ആലപിച്ച് അഖിലേന്ത്യാതലത്തില്‍ ഏറ്റവും അറിയപ്പെടുന്ന കേരളീയരില്‍ ഒരാളായി മാറി യേശുദാസ്.. കാശ്മീരി,കൊങ്ങിണി,ആസാമീസ്,എന്നീ മൂന്ന് ഭാഷകളിലൊഴികെ മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളിലുമുള്ള ഗാനങ്ങള്‍ പാടി ദാസേട്ടന്‍…ഭാഷയുടെ അതിരുവേലികള്‍ വെറും സങ്കല്‍പ്പം മാത്രമാണെന്ന് ഇതുപോലെ മറ്റാരും ബോധ്യപ്പെടുത്തിയിട്ടില്ല

യേശുദാസിന്റെ സംരംഭങ്ങളില്‍ ഏറ്റവും പ്രശസ്തമായത് തരംഗിണി സ്റ്റുഡിയോ ആയിരുന്നു. 1980ല്‍ തിരുവനന്തപുരത്ത് തുടങ്ങിയ ഈ സ്റ്റുഡിയോ ആയിരുന്നു ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്റ്റീരിയോ ഫോണിക് സ്റ്റുഡിയോ. മലയാളത്തില്‍ ആദ്യമായി കാസറ്റ് വിപണിയിലെത്തിച്ചത് തരംഗിണിയാണ്. കാസറ്റ് വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. നിരവധി ആല്‍ബങ്ങള്‍ തരംഗിണിയുടെ പേരില്‍ പുറത്തിറങ്ങി. അവയില്‍ പലതും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടി.

രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചു. എട്ട് തവണയാണ് ഗാനഗന്ധവര്‍ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയത്. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനത്തില്‍ തുടങ്ങി ഏറ്റവും ഒടുവിലായി ‘വിശ്വാസപൂര്‍വം മന്‍സൂര്‍ ‘ എന്ന ചിത്രത്തിലെ പോയി മറഞ്ഞ കാലം എന്ന ഗാനത്തിനും ദാസേട്ടനെ തേടി ദേശീയ അവാര്‍ഡ് എത്തി.

മറ്റു ഗായകര്‍ക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലുള്ള ഒരു നിലവാരം മലയാള സംഗീതത്തില്‍ സൃഷ്ടിച്ച ഈ മഹാന്‍ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ്. .യേശുദാസിന്റെ ഒരു ഗാനമെങ്കിലും കാതുകളില്‍ വന്നു വീഴാത്ത മൂളാത്ത മലയാളി ദിവസങ്ങള്‍ ഉണ്ടാകില്ല…പാടിയതത്രയും ഒരു തോരാമഴയുടെ കുളിര് പോലെ കൂടെയുണ്ട്.. ഇന്ത്യന്‍ സംഗീത ലോകത്തിലെ പകരം വെക്കാനാകാത്ത അതുല്യ പ്രതിഭാസത്തിന് മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് പാദപ്രണാമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here