ഇന്ന് കലാശപ്പോര്; ടി -20 ലോകകപ്പിൽ ആരാകും ചാമ്പ്യൻ?

ട്വൻറി – 20 ലോകകപ്പിൽ കിരീടപ്പോരാട്ടം ഇന്ന്. ഇതേവരെ കപ്പെടുക്കാത്ത ആസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടം രാത്രി 7:30 നാണ്.

ദക്ഷിണ പസഫിക്ക് സമുദ്രത്തിലെ ടാസ്മാൻ കടലിനാൽ വേർപിരിഞ്ഞ ക്രിക്കറ്റ് കസിൻസാണ് കങ്കാരുപ്പടയും കിവീസും. ആവേശമാപിനി ഒരുപോലെ ഉയർന്ന സെമി ഫൈനലുകൾ അതിജീവിച്ചായിരുന്നു ഇരു ടീമുകളുടെയും ഫൈനൽ പ്രവേശം.

സ്ലോഗ് ഓവറുകളിൽ വൻ ഹിറ്റുകളുടെ കുത്തൊഴുക്കിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾ വിജയിച്ചു കയറിയതോടെ ദുബായിൽ ട്രാൻസ്- ടാസ്മാൻ എതിരാളികളുടെ കിരീടപ്പോരിന് കളം ഒരുങ്ങി. അമ്പത് ഓവർ ക്രിക്കറ്റിൽ അഞ്ച് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ കങ്കാരുപ്പട ട്വന്റി-20യിലെ കിരീടവരൾച്ച അവസാനിപ്പിക്കാനുറച്ചാണ് ഇറങ്ങുന്നത്. 236 റൺസുമായി വാർണറും 12 വിക്കറ്റുകളുമായി സാംപയും ടൂർണമെൻറിൽ മിന്നും ഫോമിലാണ്.

സ്റ്റോയ്നിസും മാത്യു വെയ്ഡും പാകിസ്ഥാനെതിരെ പുറത്തെടുത്ത മാസ്മരിക ബാറ്റിംഗ് പ്രകടനം ആരോൺ ഫിഞ്ചിന്റെ കങ്കാരുപ്പടയ്ക്ക് പുത്തനുണർവ്വാണ് പകർന്നിട്ടുള്ളത്. ബാറ്റിംഗിൽ ഗ്ലെൻ മാക്സ്വെല്ലും ബോളിംഗിൽ ഹെയ്സൽവുഡ് -സ്റ്റാർക്ക് – കമ്മിൻസ് ത്രയവും താളം കണ്ടെത്തിയാൽ ഫൈനലിൽ ഓസീസ് ഫുൾചാർജാകും.

അതേസമയം ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ് കിവീസ് . വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇതേ വരെ ഒരു അന്താരാഷ്ട്ര ടൂർണമെൻറ് വിജയിക്കാൻ സാധിക്കാത്തതിന്റെ നിരാശ കെയ്ൻ വില്യംസണിനും സംഘത്തിനും തീർക്കണം. ഡാരിൽ മിച്ചലിനെയും ജിമ്മി നീഷമിനെയും പോലുള്ള പോരാളികളുടെ സാന്നിധ്യമാണ് ബ്ലാക്ക് ക്യാപ്സിനെ വേറിട്ടു നിർത്തുന്നത്. പരുക്കേറ്റ ഓപ്പണർ ഡെവൺ കോൺവെക്ക് പകരം ടീം സെയ്ഫെർട്ട് എത്തും. ചരിത്രകിരീടം ആസ്ട്രേലിയ നേടുമെന്നാണ് സ്പിൻ ഇതിഹാസം ഷെയ്ൻ വാണിന്റെ പ്രവചനം.

ഓസീസ് ഓപ്പണർമാരായ ഫിഞ്ചിനെയും വാർണറെയും പവർപ്ലേയിൽ നിശ്ശബ്ദരാക്കാൻ ടീം സൗത്തി- ട്രെൻറ് ബൗൾട്ട് പേസ് ജോഡിക്ക് സാധിച്ചാൽ കീവീസിന് കളിയിൽ പിടിമുറുക്കാം. ഏതായാലും ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഫൈനലിൽ ആര് ജയിച്ചാലും അത് കുട്ടി ക്രിക്കറ്റിൽ അവരുടെ കന്നി ലോക കിരീടമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News