കുട്ടികളില്‍ ഇന്ത്യയുടെ ഭാവി കണ്ടയാളാണ് നെഹ്‌റു; ശിശുദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ശിശുദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആധുനിക ഇന്ത്യയുടെ വളര്‍ച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ജവഹര്‍ലാല്‍ നെഹ്‌റുവെന്നും കുട്ടികളില്‍ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ നെഹ്‌റു ഏതു മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി അക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാട് കടന്നു പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ആധുനിക ഇന്ത്യയുടെ വളര്‍ച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ജവഹര്‍ലാല്‍ നെഹ്‌റു. സ്വാതന്ത്ര്യ പോരാട്ടത്തിനു നല്‍കിയ സുദീര്‍ഘവും ത്യാഗനിര്‍ഭരവുമായ നേതൃത്വവും, ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമായി വളര്‍ത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം അനന്യമാക്കുന്നു.

സ്വാതന്ത്ര്യം അര്‍ത്ഥവത്താകണമെങ്കില്‍ ശാസ്ത്രബോധവും മതേതരത്വവും സമത്വവും സ്വന്തമാക്കിയ ഒരു സമൂഹത്തിന്റെ നിര്‍മ്മിതി സാധ്യമാകണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സോഷ്യലിസത്തില്‍ ആകൃഷ്ടനായിരുന്ന നെഹ്‌റു സോവിയറ്റ് മാതൃകയെ പിന്തുടര്‍ന്ന പല നയങ്ങളും ഇവിടെ നടപ്പിലാക്കാന്‍ ശ്രമിച്ചു. കുട്ടികളില്‍ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നല്‍കിയത്.

നെഹ്‌റു ഏതു മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി അക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാട് കടന്നു പോകുന്നത്. നെഹ്‌റുവിന്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം നല്‍കിയ സമത്വത്തേയും നീതിയേയും ശാസ്ത്രബോധത്തേയും വികസനത്തേയും കുറിച്ചുള്ള ആശയങ്ങളെ പുരോഗതിയിലേക്കുള്ള പാതയില്‍ ഊര്‍ജമാക്കുമെന്ന് നമുക്ക് ആവര്‍ത്തിച്ച് തീരുമാനിക്കാം. ഏവര്‍ക്കും ശിശു ദിന ആശംസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News