Kairali News Exclusive… മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ്; പ്രതിപക്ഷ ആരോപണം പൊളിയുന്നു; വസ്തുത ഇങ്ങനെ

മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് വനം മന്ത്രി നേരത്തെ അറിഞ്ഞിരുന്നു എന്ന പ്രതിപക്ഷ ആരോപണം പൊളിയുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഒന്നും സര്‍ക്കാരിനെ കാണിച്ചിരുന്നിരുന്നില്ലെന്ന് സമ്മതിച്ച് വനം വകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ . ഇനി മുതല്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സര്‍ക്കാരിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമേ ചെയ്യു എന്നും പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ കുറ്റസമ്മതം. രാജേഷ് കുമാര്‍ സിന്‍ഹ സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്

വനം വകുപ്പ് മന്ത്രിയും , മുഖ്യമന്ത്രിയും അറിയാതെ പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന്‍ തോമസ് ഉത്തരവ് ഇറക്കിയത് എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നാണ് നിയമസഭയിലെ അടിയന്തിര പ്രമേയ ചര്‍ച്ചക്കിടിയില്‍ മുന്‍ വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും ചോദിച്ചത്. വനം വകുപ്പ് പിന്‍സിപ്പള്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ നവംബര്‍ 12 ന് സര്‍ക്കാരിന് നല്‍കിയ വിശദീകരണ കുറിപ്പിലെ മൂന്നാം പേജിലെ മൂന്നാം പാരഗ്രാഫ് ശ്രദ്ധിക്കുക.

മുല്ലപെരിയാര്‍ മരം മുറിക്കാന്‍ ഉത്തരവ് ഇടുന്നതിന് മുന്നോടിയായി വനം വകുപ്പ് പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ യാതൊരു റിപ്പോര്‍ട്ടും, നിര്‍ദേശവും സര്‍ക്കാരിന് സമര്‍പ്പിച്ചില്ലെന്നും വനം സെക്രട്ടറിയുടെ വിശദീകരണത്തില്‍ പറയുന്നു. അത് കൊണ്ടാണ് ബന്ധപ്പെട്ട ഫയല്‍ മന്ത്രിയെ കാണിക്കാതിരുന്നതെന്നും രാജേഷ് കുമാര്‍ സിന്‍ഹ കുറ്റസമ്മതം നടത്തുന്നു.മരം മുറിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രിയും മന്ത്രിമാരും ഫയല്‍ കണ്ടിരുന്നില്ലെന്ന് വനം സെക്രട്ടറിയുടെ വിശദീകരണത്തോടെ വ്യക്തമാകുകയാണ് . സെപ്റ്റംബര്‍ 17 ന് നടന്ന കേരള തമി‍ഴ്നാട് സെക്രട്ടറി തല മീറ്റിംഗിലേക്ക് തനിക്കും ക്ഷണമുണ്ടായിരുന്നതായി രാജേഷ് കുമാന്‍ സിന്‍ഹ സമ്മതിച്ചു.

മരം മുറിക്കുന്നതിനുളള തമി‍ഴ് നാടിന്‍റെ അപേക്ഷ ഉണ്ടായിരുന്നു. മിനിറ്റ്സിന്‍റെ പകര്‍പ്പ് ഇ ഫയലിലൂടെ നവംബര്‍ 11 ന് താന്‍ കണ്ടതായും മരം മുറി, വളളക്കടവ് മുല്ലപെരിയാര്‍ റോഡ് നവീകരണം, തുടങ്ങിയ തമി‍ഴ്നാടിന് താല്‍പര്യമുളള ഒരു വിഷയത്തിലും അന്തിമതീരുമാനം എടുത്തതില്ലെന്ന് വനം സെക്രട്ടറി ഉറപ്പ് പറയുന്നു.

സര്‍ക്കാരിന്‍റെ താല്‍പര്യം മുന്‍നിര്‍ത്തി മാത്രമേ താന്‍ പ്രവര്‍ത്തിക്കു എന്നും, ഇനി മുതല്‍ മുല്ലപെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും എന്ത് തീരുമാനം എടുക്കും മുന്‍പ് സര്‍ക്കാരിനേയും ബന്ധപ്പെട്ട മന്ത്രിയെയും അറിയിച്ച് കൊളളാം എന്നും വനം സെക്രട്ടഫി രാജേഷ് കുമാര്‍ സിന്‍ഹ കുറ്റസമ്മതവും നടത്തി.

മരം മുറി ഉത്തരവ് സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ലെന്ന് വനം , ജലവിഭവ മന്ത്രിമാര്‍ നിയമസഭയില്‍ പറഞ്ഞ കാര്യത്തിന് ഇതോടെ സാധൂത കൈവരുകയാണ് . വിശദീകരണത്തില്‍ കൂടൂതല്‍ വ്യക്തത തേടി വനം സെക്രട്ടറിക്ക് വീണ്ടും സര്‍ക്കാര്‍ കത്ത് നല്‍കിയതായിട്ടാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News