ദുരിതപ്പെയ്ത്ത് തുടരുന്നു; പത്തനംതിട്ട ജില്ലയിൽ അതീവജാഗ്രതാനിർദേശം, രാത്രി യാത്രകൾക്ക് വിലക്ക്

പത്തനംതിട്ട ജില്ലയിൽ മഴയെ തുടർന്ന് അതീവ ജാഗ്രത നിർദേശം. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മലയോര
മേഖലകളിലേക്കുള്ള രാത്രികാല യാത്രയും നിരോധിച്ചു. ശബരിമല വനമേഖലയിലും മഴ ശക്തമാണ്.

നഗര ഗ്രാമ വ്യത്യാസമില്ലാതെ പത്തനംതിട്ടയിൽ പരക്കേ കനത്ത മഴ പ്രകടമാണ്. താഴ്ന്ന മേഖലകളിലെ തോടുകൾ കരകവിഞ്ഞ് നിരവധി വീടുകളിൽ വെള്ളം കയറി. അടൂർ – കൊട്ടാരക്കര പാതയിൽ പട്ടാഴിമുക്ക്, കോന്നി – പത്തനാപുരം റോഡിൽ വകയാർ എന്നിവിടങ്ങളിൽ വലിയ വാഹനങ്ങൾക്ക് മാത്രമേ കടന്നു പോകാനാകു.അട്ടച്ചാക്കൽ – കോന്നി പാതയിലും പന്തളം മെഡിക്കൽ മിഷൻ കവലയിലും വെള്ളക്കെട്ടു രൂപപ്പെട്ടു. ഏഴംക്കുളം -കൈപ്പട്ടൂർ റോഡിലും ഗതാഗതം ദുഷ്കരമാണ്.

കൊടുമൺ ഒറ്റത്തേക്ക് കൊച്ചുകല്ലിൽ – പ്ളാന്റേഷൻ കോർപ്പറേഷന്റ റബ്ബർ തോട്ടത്തിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. മലവെള്ളപാച്ചിലിൽ അങ്ങാടിക്കൽ, ഒറ്റത്തേക്ക് , കൊച്ചുകൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

അതേസമയം, പമ്പാ നദിയിൽ, റാന്നി അരയാഞ്ഞിലിമൺ, കുറുമ്പൻ മുഴി, മുക്കം ക്രോസ് വേകൾ മുങ്ങി. മഴ ശക്തമായതോടെ ശബരിമല തീർത്ഥാടനവും ആശങ്കയിലാണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ശബരിമല വനമേഖലയിലേക്കുള്ള വാഹന യാത്രക്കും ജാഗ്രത നിർദ്ദേശം നൽകി.

പമ്പയിൽ ജലനിരപ് ഉയരുന്നതിനാൽ പമ്പാ സ്നാനത്തിനും നിയന്ത്രണം ഉണ്ടാകും. എന്നാൽ ശബരി ഒരുക്കങ്ങൾക്ക് കനത്ത മഴ തിരിച്ചടിയായി. പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം നൽകി. വരും മണിക്കൂറിൽ ജില്ലയിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News