കനത്ത മഴയും മഞ്ഞും വകവെക്കാതെ ദുർഘട പാതകൾ താണ്ടി മന്ത്രി കെ രാധാകൃഷ്ണൻ അരേകാപ്പ് കോളനിയിൽ എത്തിയപ്പോൾ അത് പുതിയ ചരിത്രമായി. ആദ്യമായി അരേക്കാപ്പ് പട്ടിക വർഗ കോളനിയിലെത്തിയ ജനപ്രതിനിധിയായി മന്ത്രി കെ രാധാകൃഷ്ണൻ. ഒരു വശത്തേക്ക് മാത്രം 28 കിലോമീറ്റർ ബോട്ടിലൂടെയുള്ള യാത്ര, തുടർന്ന് ഒരു മണിക്കൂർ കാട്ടിലൂടെ നടത്തം.
വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് ഇടമലയാറ്റിലെത്തിയപ്പോൾ സുരക്ഷയുടെ പേരിൽ പൊലീസ് യാത്ര ഒഴിവാക്കുന്നതാണ് ഉചിതം എന്നറിയിച്ചിരുന്നു. എന്നാൽ മഴ മാറുമെന്നും കോളനിയിൽ എത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം എം എൽ എ സനീഷ് കുമാർ ജോസഫും കലക്ടർ ഹരിത വി കുമാറും ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് കാലത്തു പോലും ഒരു ജനപ്രതിനിധികളും എത്താത്ത ഉൾക്കാടാണ് അരേക്കാപ്പ്. മന്നാൻ, മുതുവാൻ വർഗത്തിൽപ്പെട്ട 43 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഓരോരുത്തർക്കും 7 മുതൽ 12 വരെ ഏക്കർ ഭൂമി വനാവകാശ നിയമപ്രകാരം പതിച്ച് നൽകിയതാണ്.
കൃഷിയും ഇടമലയാർ അണക്കെട്ടിലെ മീൻ പിടിത്തവുമായി അവർ അവിടെ കഴിയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരെയും അതിരപ്പള്ളി മലക്കപ്പാറയിലേക്ക് വിളിച്ച് വരുത്തി വോട്ട് അഭ്യർത്ഥിക്കുകയാണ് പതിവെന്ന് സ്ഥലവാസിയായ ഒരാൾ പറഞ്ഞു. ചെങ്കുത്തായ ഭൂപ്രകൃതിയാണെങ്കിലും കുരുമുളകും റബറും കമുകു മൊക്കെ സമൃദ്ധമായി വിളയുന്ന പ്രദേശമാണ്.
മലഞ്ചെരുവുകളിൽ നിന്നും ഹോസിലൂടെ ജലം സുലഭമായി ലഭിക്കും. യാത്രാ സൗകര്യമാണ് ഇവരുടെ അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നം. ഇതിനായി കോളനിയെ മലക്കപ്പാറയുമായി ബന്ധിപ്പിക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിക്കുന്ന റോഡിന്റെ രൂപീകരണ പ്രവൃത്തികൾക്ക് മന്ത്രി തുടക്കം കുറിച്ചു. കമ്യൂണിറ്റി ഹാൾ, മൊബൈൽ നെറ്റ് വർക്ക്, ചികിൽസാ സൗകര്യം ഇത്തരം പരിഹരിക്കേണ്ട മറ്റ് പ്രശ്നങ്ങളും പ്രദേശവാസികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പടുത്തി.
മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ കാലത്ത് സർക്കാർ നടപ്പാക്കിയ സമ്പൂർണ വൈദ്യുതീകരണത്തിന്റെ ഗുണഫലമായി എല്ലാ വീട്ടിലും വൈദ്യുതിയെത്തിയ സന്തോഷം അവർ പങ്കുവെച്ചു.
രാവിലെ എട്ടരയോടെ അരേക്കാപ്പിലെത്തി ഓരോരുത്തരെയും കണ്ട് ഉച്ചതിരിഞ്ഞാണ് മന്ത്രിയും സംഘവും മടങ്ങിയത്. ഇതിനിടെ കപ്പയും കാച്ചിലും പുഴ മീൻ കറിയും സ്നേഹത്തോടെ കോളനിക്കാർ വിളമ്പി.
വൈകീട്ട് ആറോടെ ഇടമലയാറ്റിലെത്തിയപ്പോൾ അരേക്കാപ്പിൽ നിന്നും വന്ന് ഇടമലയാർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കഴിയുന്നവരെ കണ്ട് പോകണമന്ന അഭ്യർത്ഥന വന്നപ്പോൾ മന്ത്രി അതിനും സമയം കണ്ടെത്തി.
അവര്‍ സ്‌കൂളില്‍ കഴിയുന്നത് കൊണ്ട് അവിടെ താമസിച്ചു പഠിക്കുന്ന 40 ആദിവാസി കുട്ടികളുടെ പഠന സൗകര്യങ്ങള്‍ കുറയുന്നു എന്ന കാര്യം അവരെ ബോധ്യപ്പെടുത്തിയാണ് മന്ത്രി കെ രാധാകൃഷ്ണന്‍ മടങ്ങിയത്.
അരേക്കാപ്പുകാരുടെ വഴി എന്ന ആവശ്യം സാധ്യമാക്കുന്നതിനുള്ള ആദ്യ ചുവടുകളായിരുന്നു മന്ത്രിയുടെയും സംഘത്തിൻ്റെയും യാത്ര. പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, മലയാറ്റൂർ ഡി എഫ് ഒ രവികുമാർ മീണ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here