സവർക്കർ ഇല്ലായിരുന്നെങ്കിലോ ലോ ലോ… ഇന്ത്യയിൽ ഹിന്ദി വാക്ക് ആരുണ്ടാക്കും?

ഹിന്ദുത്വ ദേശീയ നേതാവ് വി.ഡി സവര്‍ക്കര്‍ ആണ് ഇന്ത്യയിൽ ഹിന്ദി വാക്കുകൾ കൊണ്ടുവന്നതെന്ന് അമിത് ഷാ. സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ ഹിന്ദി വാക്കുകള്‍ ഇവിടെ നിലനില്‍ക്കില്ലായിരുന്നെന്നും നമ്മള്‍ ഇംഗ്ലീഷ് വാക്കുകള്‍ പകരം ഉപയോഗിക്കേണ്ടി വന്നേനേയെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം ഹിന്ദി രാഷ്ട്ര ഭാഷാ വാദം ശക്തമാക്കുകയാണ് കേന്ദ്ര മന്ത്രി അമിത് ഷാ. ഹിന്ദു വോട്ടുകൾ ലക്ഷ്യം വെച്ചാണ് ഉത്തർ പ്രദേശിൽ രാജ്ഭാഷാ വിവാദത്തിന് വീണ്ടും അമിത് ഷാ തുടക്കം കുറിച്ചത്. ഗുജറാത്തിൽ നിന്ന് വരുന്ന താൻ ഗുജറാത്തിയേക്കാൾ ഹിന്ദിയെ സ്നേഹിക്കുന്നു എന്നും കേന്ദ്ര മന്ത്രി വാരണാസിയിൽ പറഞ്ഞു. കേന്ദ്ര മന്ത്രിയുടെ രാഷ്ട്ര ഭാഷ പരാമർശത്തെ വിമർശിച്ച് നിരവധിപേർ രംഗത്ത് എത്തിയിട്ടുണ്ട്.

അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശിലാണ് അമിത്ഷാ ഹിന്ദി ഭാഷാ വികാരം വോട്ടിനായി ഉണർത്താൻ ശ്രമിക്കുന്നത്. ഹിന്ദി കാശിയിൽ ജന്മം കൊണ്ടതാണ് എന്നും. ഹിന്ദി ഭാഷാ വകഭേദമായ ഖാരി ബോലിയുടെ ക്രമാനുഗത വികാസം വാരാണസിയിലാണ് സംഭവിച്ചത് എന്നും അമിത് ഷാ പറഞ്ഞു. മാതൃഭാഷ പോലെ തന്നെ രാഷ്ട്രഭാഷയെയും സ്നേഹിക്കണം എന്നാണ് അമിത് ഷാ വാരണാസിയിൽ പറഞ്ഞത്.

വാരണാസിയിൽ അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര മന്ത്രാലയത്തിൽ ഇംഗ്ലീഷിൽ എഴുതുകയോ വായിക്കുകയോ ചെയ്യുന്ന ഒരു ഫയൽ പോലുമില്ല എന്ന ചടങ്ങിലെ അമിത് ഷായുടെ പ്രസ്താവനയ്‌ക്ക് എതിരെ നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം സമ്പൂർണമായി രാജ്ഭാഷ സ്വീകരിച്ചിട്ടുണ്ട് എന്നും ഒരുപാട് വകുപ്പുകൾ ഈ ദിശയിലേക്ക് നീങ്ങുകയാണ് എന്നും പറഞ്ഞ കേന്ദ്ര മന്ത്രി. ഭരണഭാഷ സ്വഭാഷയാകുമ്പോൾ മാത്രമേ ജനാധിപത്യം സഫലമാകൂ എന്നും കൂട്ടിച്ചേർത്തു.

ഇന്ത്യയില്‍ പത്തില്‍ ആറു പേരുടെയും മാതൃഭാഷ ഹിന്ദിയല്ല എന്ന വസ്തുത നിലനില്‍ക്കെയാണ് ഹിന്ദി രാഷ്ട്ര ഭാഷയായി അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാരിൻ്റെ ശ്രമം. ഒരു രാജ്യം, ഒരു ഭാഷ എന്ന അജണ്ട മുന്‍നിര്‍ത്തി ഹിന്ദിക്ക് മാത്രമേ രാജ്യത്തെ ഒരുമിപ്പിക്കാന്‍ സാധിക്കുകയുള്ളു എന്ന അമിത് ഷായുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News