തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയിൽ വ്യാപകനാശനഷ്ടം. വീടുകൾക്കും കൃഷിക്കും റോഡുകൾക്കും വൻനാശം. ജില്ലയിൽ 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴ മൂന്നാം ദിവസത്തിലേക്ക് കടന്നതോടെയാണ് തലസ്ഥാനജില്ല ദുരിതത്തില്‍ മുങ്ങിയത്. നഗരപരിധിയിലും ഗ്രാമങ്ങളിലും മലയോര മേഖലകളിലും മഴ ശക്തമായതോടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നെയ്യാർ നദികളും കൈത്തോടുകളും കരകവിഞ്ഞു. പേപ്പാറ, അരുവിക്കര, നെയ്യാർ ഡാമുകൾ തുറന്നതോടെ വെള്ളം ഇരച്ചെത്തി. വ്യാപകമായി മണ്ണിടിച്ചിലുണ്ടായി.
മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ മണ്ണടിക്കോണം കനലാലിൽ മണ്ണിടിഞ്ഞു വീണത് കാരണം ജലമൊഴുക്ക് തടസ്സപ്പെട്ടു. ആഴ്ചകൾക്കുമുമ്പ് തുടങ്ങിയ തോരാതെ പെയ്ത മഴയിലാണ് കഴിഞ്ഞ ദിവസം കനാലിലെ ഹൈകട്ടിങ് ഏരിയയിൽ നൂറടിയോളം പൊക്കത്തിൽ നിന്നും റോഡിൻറെ ഒരുവശത്തെ മണ്ണിടിഞ്ഞു കനാലിലേക്ക് പതിച്ചത്.
കിളിമാനൂർ തട്ടത്തുമല വാഴോട് ഭാഗത്ത് എം.സി റോഡിൽ വെള്ളം കയറി. കുന്നത്തുകാൽ പഞ്ചായത്തിൽ കൈതോട്ടുകോണം ലക്ഷംവീട് കോളനിയിൽ ടൈറ്സിന്റെ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞു താഴ്ന്നു.
ട്രാക്കില്‍ മണ്ണിടിഞ്ഞും വെള്ളം കയറിയും തടസപ്പെട്ട തിരുവനന്തപുരം–കന്യാകുമാരി റൂട്ടിലെ ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ പിന്നിട്ടിട്ടും പുനരാരംഭിക്കാനായില്ല.
വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണ കൂടം അറിയിച്ചു.
മഴക്കെടുതിയിൽ 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 146 കുടുംബങ്ങളിലെ 427 പേരെ ജില്ലയിലെ വിവിധ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.