ജയ് ഭീം ഹിറ്റായതിന് പിന്നാലെ പാര്‍വതി അമ്മാളിന് സഹായഹസ്തവുമായി സൂര്യ

സൂര്യയുടെ ‘ജയ് ഭീം’ സിനിമ തരംഗമായിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ഥ മനുഷ്യരുടെ പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളെ തുറന്നു കാട്ടിയ സിനിമകൂടിയായിരുന്നു ‘ജയ് ഭീം’.

സിനിമയുടെ വിജയത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് സഹായഹസ്തവുമായി നടന്‍ സൂര്യ തന്നെ രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. പാര്‍വതി അമ്മാളിന്റെ പേരില്‍ 10 ലക്ഷം രൂപ സൂര്യ ബാങ്കില്‍ നിക്ഷേപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

10 ലക്ഷം രൂപയ സ്ഥിര നിക്ഷേപമായാണ് സൂര്യ പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ ഇട്ടത്. ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിലെത്തും. മരണശേഷം മക്കള്‍ക്ക് തുക ലഭിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പ് ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരുകോടി രൂപ സൂര്യ നല്‍കിയിരുന്നു. പാര്‍വതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നല്‍കുമെന്ന് രാഘവ ലോറന്‍സും ഉറപ്പ് നല്‍കിയിരുന്നു.

‘ജയ് ഭീമിലെ’ സെന്‍ഗിണി എന്ന കഥാപാത്രമാണ് പാര്‍വതിയുടെ ജീവിതം പറഞ്ഞത്. എന്നാല്‍ സിനിമയിലെ സെന്‍ഗിണിയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പാര്‍വതിയുടെ ഇപ്പോഴത്തെ ജീവിതം. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാര്‍വതി കുടുംബ സമേതം താമസിക്കുന്നത്. യഥാര്‍ഥ ‘സെന്‍ഗിണി’യുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടു.

ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പകര്‍ത്തുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ്. ‘ജയ് ഭീം’ റിലീസ് ആയതോടെ ഈ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിയുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here