ADVERTISEMENT
ഡേവിഡ് വാർണറാണ് ഈ വർഷത്തെ ടി – 20 ലോകകപ്പിലെ മികച്ച താരമായി (പ്ലേയർ ഓഫ് ദി ടൂർണമെന്റ്) തിരഞ്ഞെടുക്കപ്പെട്ടത്. ലോകകപ്പിൽ കളിച്ച 7 മത്സരങ്ങളിൽ 48.17 ബാറ്റിംഗ് ശരാശരിയിൽ 289 റൺസ് നേടിയ വാർണർ ഇന്നലെ ന്യൂസിലൻഡിനെതിരെ നടന്ന കലാശപ്പോരാട്ടത്തിലും തകർപ്പൻ അർധ സെഞ്ചുറി നേടി തിളങ്ങിയിരുന്നു. ബാറ്റ് കൊണ്ട് മിന്നുന്ന പ്രകടനം കാഴ്ച വെച്ച വാർണർക്ക് ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിക്കാൻ തീർച്ചയായും അർഹതയുണ്ട്.
എന്നാൽ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിന്റെ അഭിപ്രായത്തിൽ ഓസീസിന്റെ വലം കൈയ്യൻ ലെഗ് സ്പിന്നറായ ആദം സാമ്പയാണ് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടേണ്ടിയിരുന്നത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഫിഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
“എന്നെ സംബന്ധിച്ച് ആദം സാമ്പയാണ് പ്ലേയർ ഓഫ് ദി ടൂർണമെന്റ്. അദ്ദേഹം മത്സരങ്ങൾ നിയന്ത്രിച്ചു. വലിയ വിക്കറ്റുകൾ വീഴ്ത്തി, സൂപ്പർ താരം.” ഫൈനലിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ സംസാരിക്കുന്നതിനിടെ ആദം സാമ്പയെ പ്രശംസിച്ചു കൊണ്ട് ഫിഞ്ച് പറഞ്ഞു.
അതേസമയം, ടി20 ലോകകപ്പിലുടനീളം ഇക്കുറി മിന്നും ബോളിംഗ് പ്രകടനം കാഴ്ച വെച്ച ആദം സാമ്പ, 7 മത്സരങ്ങളിൽ 13 വിക്കറ്റുകളാണ് ടൂർണമെന്റിൽ വീഴ്ത്തിയത്. ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ ഇക്കുറി രണ്ടാം സ്ഥാനമാണ് സാമ്പക്കുള്ളത്. കലാശപ്പോരാട്ടത്തിലും മികച്ച രീതിയിൽ പന്തെറിഞ്ഞ ഈ ഇരുപത്തിയൊൻപതുകാരൻ നാലോവറിൽ 26 റൺസ് വിട്ടു കൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.