ഹയർസെക്കൻഡറി പുതിയ ബാച്ചുകൾ 23ന് പ്രഖ്യാപിക്കും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഈ മാസം അവസാനത്തോടെ പ്രവേശനം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ഈ മാസം 23നു പുതിയ ബാച്ചുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൊവിഡിനു ശേഷം സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മണക്കാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളെ വരവേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ താലൂക്കുകളിൽ പുതിയ ബാച്ച് ആവശ്യമുണ്ടെന്നതു പരിശോധിച്ചു പുതിയ ബാച്ച് അനുവദിച്ചു പ്രവേശനം ഉറപ്പാക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യ ഘട്ടത്തിൽ ആരംഭിച്ച എല്ലാ ക്ലാസുകളും സുഗമമായി നടക്കുന്നുണ്ട്. ക്ലാസ് നടത്തിപ്പിലോ വിദ്യാർഥികളുടെ ആരോഗ്യ കാര്യത്തിലോ യാതൊരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല.

കോവിഡ് മാനദണ്ഡങ്ങളും ക്ലാസ് നടത്തിപ്പിനായി സർക്കാർ പുറത്തിറക്കിയ മാർഗരേഖയും കൃത്യമായി പാലിച്ചാകും തുടർന്നും ക്ലാസുകൾ നടക്കുകയെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിനു മുന്നിലൊരുക്കിയ നിലവിളക്കിൽ ദീപം തെളിയിച്ചാണു സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം മന്ത്രി ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരും ചടങ്ങിനെത്തിയിരുന്നു. സ്‌കൂളിലേക്കെത്തിയ പ്ലസ് വൺ വിദ്യാർഥിനികൾക്കു മന്ത്രിമാർ മധുരവും പുസ്തകങ്ങളും നൽകി. തുടർന്നു ക്ലാസ് റൂമിലൊരുക്കിയ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർ വിദ്യാർഥികളുമായി സംവദിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബു തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here