ഞാൻ പറയുന്ന ആളിനെ വെച്ചാ മതി: കെ സി വേണുഗോപാലും കെ സുധാകരനും തമ്മിൽ പുതിയ തർക്കം

സംഘടന ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നതിനെ ചൊല്ലി കെ സി വേണുഗോപാലും , കെ സുധാകരനും തമ്മില്‍ പുതിയ തര്‍ക്കം. തന്റെ വിശ്വസ്ഥനായ പഴകുളം മധുവിന് വേണ്ടി കെ സി വേണുഗോപാല്‍ പിടിമുറിക്കിയതാണ് അഭിപ്രായ വ്യത്യാസത്തിലേക്ക് നീങ്ങിയത്. എന്നാല്‍ സംഘടനാ ചുമതല ടിയു രാധാകൃഷ്ണനോ, ജിഎസ് ബാബുവിനോ തന്നെ നല്‍കണമെന്നാണ് കെ സുധാകരന്റെ പക്ഷം. സംഘടനാ ചുമതല ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം തുടരുന്നതില്‍ ജില്ലകളുടെ ചുമതല ആര്‍ക്കൊക്കെ നല്‍കണമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുന്നു

എ ഐ ഗ്രുപ്പുകള്‍ക്ക് എതിരെ കെ സി വേണുഗോപാല്‍ , കെ സുധാകരന്‍, വിഡി സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയതായി രൂപംകൊണ്ട വിശാല ഗ്രൂപ്പിനുളളിലാണ് പൊട്ടലും ചീറ്റലും ആരംഭിച്ചിരിക്കുന്നത്. പുതിയ തര്‍ക്കം സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറിയെ ചൊല്ലിയാണ്.

തന്റെ ഏറ്റവും വിശ്വസ്ഥനായ അഡ്വ. പഴകുളം മധുവിനെ സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് കെ സി വേണുഗോപാല്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ തൃശൂരില്‍ നിന്നുളള തന്റെ വിശ്വസ്ഥനായ ടിയു രാധാകൃഷ്ണനെയോ, അല്ലെങ്കില്‍ തിരുവന്തപുരത്ത് നിന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയായ ജിഎസ് ബാബുവിനെ സംഘടനാ ചുമലതല നല്‍കണമെന്നാണ് കെ സുധാകരന്‍ കരുതുന്നത്.

കെപിസിസി അധ്യക്ഷന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികാരമുളള ഈ പദവിയെ ചൊല്ലിയാണ് കെസി , കെഎസ്, വിഡി എന്നീ മൂവര്‍ സംഘത്തിനിടയില്‍ മധുവിധു കാലത്ത് വിളളല്‍ വീണിരിക്കുന്നത്. ഓഫീസ് കാര്യങ്ങള്‍ , ജില്ലകളിലെ ദൈനം ദിന ഏകോപനം , കെപിസിസി പ്രസിഡന്റിനുളള കുറിപ്പുകള്‍ തയ്യാറാക്കല്‍ തുടങ്ങി നിരവധി രഹസ്യാത്മകമായ ചുമതലകള്‍ നിര്‍വ്വഹിക്കേണ്ട ഈ പദവിയില്‍ തന്റെ വിശ്വസ്ഥന്‍ തന്നെ വരണമെന്നതാണ് കെ സുധാകരന്റെ പക്ഷം.

തന്ത്ര പ്രധാന പദവിയില്‍ വിശ്വസ്ഥനെ പ്രതിഷ്ടഠിക്കാന്‍ കെ സി വേണുഗോപാല്‍ നടത്തുന്ന നീക്കം സുധാകരനെ അലോസരപ്പെടുത്തുന്നുണ്ട്. പുനസംഘടന ചര്‍ച്ച വേളയില്‍ കെസി വേണുഗോപാലിന്റെ പല പിടിവാശിക്ക് വഴങ്ങി കൊടുത്തെങ്കിലും ഈ കാര്യത്തില്‍ വിട്ടു വീഴ്ച്ച ചെയ്യാന്‍ കഴിയില്ലെന്ന് ഉറച്ച നിലപാടിലാണ് കെ സുധാകരന്‍.

ജില്ലകളിലെ പുനസംഘടന നടത്താന്‍ കെപിസിസി എക്‌സിക്യൂട്ടിവ് തീരുമാനിച്ചതിന്റെ മാനദണ്ഡം ഇങ്ങനെയാണ് . ചാര്‍ജ്ജ് ഉളള ജനറല്‍ സെക്രട്ടറി, ഡിസിസി അധ്യക്ഷന്‍, ജില്ലയില്‍ നിന്നുളള കെപിസിസി ഭാരവാഹികള്‍, എന്നിവര്‍ ചേര്‍ന്നിരുന്നാണ് ജില്ല ഭാരവാഹികളുടെ പട്ടിക തയ്യാറാക്കേണ്ടത്.

സംഘടന ചുമലതയുളള ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കാന്‍ കഴിയാത്തതിനാല്‍ ജില്ലകളുടെ ചാര്‍ജ് ഉളള ജനറല്‍ സെക്രട്ടറിമാരെയും പോഷക സംഘടനകളുടെ ചുമതലയുളള ജനറല്‍സെക്രട്ടറിമാരെയും നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്നും ഏതോക്കെ ചുമതലകള്‍ ഏറ്റെടുക്കനാണ് ജനറല്‍ സെക്രട്ടറിമാര്‍ക്ക് താല്‍പര്യമെന്ന് അറിയിക്കാന്‍ എല്ലാവരോടും പറഞ്ഞിരിക്കുകയാണെന്നാണ് കെപിസിസി നേതൃത്വം നല്‍കുന്ന വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here