
ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പറങ്കിപ്പടയെ അടിച്ചിട്ട് സെർബിയ അടുത്ത വർഷം നടക്കുന്ന ഖത്തർ ലോകകപ്പിന് യോഗ്യത നേടി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പോർച്ചുഗലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് സെർബിയ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. ഗ്രൂപ്പിൽ രണ്ടാമതായതോടെ പോർച്ചുഗലിനിനി ലോകകപ്പ് യോഗ്യത നേടണമെങ്കിൽ പ്ലേ ഓഫ് ജയിക്കണം.
പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ പിന്നിൽ നിന്ന് തിരിച്ചടിച്ചാണ് സെർബിയയുടെ ജയം. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ റെനാറ്റോ സാഞ്ചസിലൂടെ പോർച്ചുഗൽ ലീഡ് നേടിയിരുന്നു. എന്നാൽ 33-ാം മിനിറ്റിൽ ഡുസാൻ ടാഡിച്ചിലൂടെ സെർബിയ ഒപ്പമെത്തി. മത്സരം സമനിലയിൽ കലാശിച്ച് പോർച്ചുഗൽ ഗ്രൂപ്പ് ജേതാക്കളാകുമെന്ന് തോന്നിയ ഘട്ടത്തിലാണ് 90-ാം മിനിറ്റിൽ സെർബിയയുടെ വിജയഗോൾ. ഇക്കുറി അലക്സാണ്ടർ മിത്രോവിച്ചിന്റെ ഹെഡ്ഡറാണ് പറങ്കിപ്പടയുടെ ഗോൾവല കുലുക്കിയത്. ഗോളിന് വഴിയൊരുക്കിയത് ടാഡിച്ചും.
ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയാണ് സ്പെയിൻ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അവർ സ്വീഡനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി. 86-ാം മിനിറ്റിൽ അൽവാരോ മൊറാത്തയാണ് അവരുടെ ഗോൾ നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ റഷ്യയെ തോൽപ്പിച്ച് ഗ്രൂപ്പ് എച്ച് ജോതാക്കളായി ക്രൊയേഷ്യയും ലോകകപ്പ് യോഗ്യത നേടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here