കോട്ടയം നഗരസഭയിൽ അപ്രതീക്ഷിത വിജയവുമായി യുഡിഎഫ്

കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത വിജയം. അംഗങ്ങളുടെ എണ്ണം തുല്യമായതിനാൽ എൽഡിഎഫിനും യുഡിഎഫിനും കിട്ടുന്ന വോട്ടുകളും തുല്യമാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായ സിപിഐഎം കൗൺസിലർ മനോജ് വോട്ടെടുപ്പിന് ഹാജരാവാതിരുന്നതോടെ യുഡിഎഫ് സ്ഥാനാർത്ഥി ബിൻസി സെബാസ്റ്റ്യൻ്റെ അപ്രതീക്ഷിത വിജയത്തിന് വഴി തുറക്കുകയായിരുന്നു.

യുഡിഎഫ് പ്രതീക്ഷിച്ച പോലെ 22 വോട്ടുകൾ സ്ഥാനാർത്ഥി ബിൻസി സെബാസ്റ്റ്യന് ലഭിച്ചു. എൽഡിഎഫ് കൗൺസിലർ ടി.എൻ.മനോജിൻ്റെ ആരോ​ഗ്യനില മോശമായത് കാര്യങ്ങൾ മാറ്റിമറിച്ചു. ആശുപത്രിയിൽ തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെ മനോജിന് ആശുപത്രി വിടാനുമായില്ല. ഇതോടെയാണ് വോട്ടെടുപ്പിൽ യുഡിഎഫിന് 22ഉം എൽഡിഎഫിന് 21ഉം വോട്ടുകൾ കിട്ടിയത്.

ആദ്യഘട്ടത്തിൽ എട്ട് വോട്ട് കിട്ടിയ ബിജെപി സ്ഥാനാർത്ഥിയെ മാറ്റി നിർത്തി നടത്തിയ രണ്ടാം ഘട്ടവോട്ടെടുപ്പിലാണ് യുഡിഎഫിന് വിജയം ഉറപ്പാക്കിയത്. യുഡിഎഫ് അഴിമതി ഭരണം ചൂണ്ടിക്കാട്ടി ചെയർപേഴ്സണായ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. ഇതേതുടർന്നാണ് നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അന്ന് അധ്യക്ഷയായിരുന്ന ബിൻസി സെബാസ്റ്റ്യൻ തന്നെ ഇപ്പോൾ മത്സരിച്ച് ജയിക്കുകയായിരുന്നു.

അതേസമയം, 52 അംഗ കോട്ടയം നഗരസഭയിൽ 22 സീറ്റുകൾ എൽഡിഎഫിനാണ്. സ്വതന്ത്രയായി ജയിച്ച മുൻ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉൾപ്പെടെ യുഡിഎഫ് അംഗസംഖ്യയും 22 ആണ്. ബിജെപിക്ക് എട്ട് കൗൺസിലർമാരുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷനേതാവ് ഷീജ അനിലാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. ബിജെപിക്കായി റീബാ വർക്കിയും മത്സരിച്ചു. കഴിഞ്ഞ തവണയും ഇവർ മൂന്നുപേരും തന്നെയാണ് മത്സരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍  വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here